ഓണച്ചിത്രങ്ങള്‍ എപ്പോള്‍ എത്തും?

By Web TeamFirst Published Aug 22, 2018, 1:25 PM IST
Highlights

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണം റിലീസുകള്‍ എപ്പോള്‍ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് യോഗം വിളിച്ചിരുന്നു.

അപ്രതീക്ഷിതമായി സംസ്ഥാനത്തിന് നേരിടേണ്ടിവന്ന പ്രളയദുരന്തം പരിഗണിച്ച് ഓണത്തിന് തീയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്ന സിനിമകളുടെയെല്ലാം റിലീസ് മാറ്റി. ഒരാഴ്ച കൂടി കാത്തിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഓണച്ചിത്രങ്ങളുടെ റിലീസ് എപ്പോഴെന്ന് തീരുമാനിക്കാനാണ് ഫിയോക്കിന്റെ (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) തീരുമാനം. 

പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഫിയോക്ക് പ്രതിനിധി എം.സി.ബോബി ടൈസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'ബിസിനസ് കുറയും എന്നത് മാത്രമല്ല, ഈയൊരന്തരീക്ഷത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് ശരിയാണെന്ന് അഭിപ്രായമില്ല. ഒരാഴ്ച കാത്തിരിക്കാം. കേരളം സാധാരണജീവിതത്തിലേക്ക് തിരികെയെത്തട്ടെ. എന്നിട്ട് തീരുമാനിക്കാം ഓണം റിലീസുകള്‍ എപ്പോഴെന്ന്', ബോബി പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണം റിലീസുകള്‍ എപ്പോള്‍ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് യോഗം വിളിച്ചിരുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും യോഗമാണ് നടന്നത്. ഇതുപ്രകാരം അടുത്തയാഴ്ച മുതല്‍ ഓരോ ആഴ്ച ഓരോ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. ഓണം റിലീസുകളായി ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഉള്ള സാഹചര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റിലീസ് ചെയ്താല്‍ വന്‍ നഷ്ടം നേരിടേണ്ടിവരുമെന്ന തിരിച്ചറിവിലാണ് തീരുമാനം. 

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി നേരത്തേ തീരുമാനിച്ചിരുന്നത്. ഇതില്‍ പടയോട്ടം റിലീസ് നേരത്തേ മാറ്റിയിരുന്നു.

click me!