'ദുബായ്‍യുടെ ഇന്‍ട്രൊ സീന്‍ അങ്ങനെയായിരുന്നു, പക്ഷേ..'; ആദ്യമായി വിമാനം പറത്തിയ അനുഭവം പറഞ്ഞ് മമ്മൂട്ടി

By Web DeskFirst Published Jun 13, 2018, 11:27 AM IST
Highlights

"പൈലറ്റ് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അതിന് തയ്യാറായി.."

ക്യാമറകളോടും കാറുകളോടും മമ്മൂട്ടിക്കുള്ള പ്രിയം പ്രസിദ്ധമാണ്. എത്ര വില കൊടുത്തും സാങ്കേതികമായി ഏറ്റവും പുതുമയുള്ള ഉല്‍പ്പന്നം അദ്ദേഹം സ്വന്തമാക്കാറുണ്ട്. മമ്മൂട്ടിയുടെ 'റാഷ് ആന്‍റ് സേഫ്' ഡ്രൈവിംഗിനെക്കുറിച്ചും സിനിമയിലെതന്നെ പല സഹപ്രവര്‍ത്തകരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കാറുകളുടെ കാര്യം അവിടെ നില്‍ക്കട്ടെ. സഞ്ചാരത്തില്‍ വലിയ താല്‍പര്യമുള്ള മമ്മൂട്ടി ഇക്കാലത്തിനിടെ വിമാനം പറത്തിയിട്ടുണ്ടോ? കൗതുകകരമായ ആ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം, വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

വിമാനം പറത്താന്‍ നന്നായി അറിയില്ലെങ്കിലും ഒരിക്കല്‍ അത് ചെയ്ത് നോക്കിയിട്ടുണ്ടെന്ന് പറയുന്നു മമ്മൂട്ടി. "റാസല്‍ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്‍നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി. ജോയ്‍സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതുപോലെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി, പൊങ്ങി. അതോടെ സംഗതി കൈവിട്ടെന്ന് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി. ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി.."

ദുബായ് സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഇത്തരത്തില്‍ വിമാനത്തില്‍ ചിത്രീകരിച്ചാലോ എന്ന് ജോഷി ആലോചിച്ചിരുന്നെന്നും എന്നാല്‍ ഒരിക്കല്‍ക്കൂടി വിമാനം പറത്താനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്നും അതിനാല്‍ ആ പ്ലാന്‍ നടന്നില്ലെന്നും. അതേസമയം മമ്മൂട്ടിയുടെ പെരുന്നാള്‍ റിലീസ് അബ്രഹാമിന്‍റെ സന്തതികള്‍ 16ന് തീയേറ്ററുകളിലെത്തും. നവാഗതനായ ഷാജി പാടൂരാണ് സംവിധാനം. ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം.

click me!