'പദ്മാവതി'യ്ക്ക് ഐക്യദാര്‍ഢ്യം; ഷൂട്ടിങ് നിര്‍ത്തി പ്രതിഷേധിക്കാന്‍ സിനിമാലോകം

Published : Nov 26, 2017, 09:21 AM ISTUpdated : Oct 04, 2018, 06:26 PM IST
'പദ്മാവതി'യ്ക്ക് ഐക്യദാര്‍ഢ്യം; ഷൂട്ടിങ് നിര്‍ത്തി പ്രതിഷേധിക്കാന്‍ സിനിമാലോകം

Synopsis

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തിന്  ഐക്യദാര്‍ഢ്യവുമായി സിനിമാലോകം. പദ്മാവതി സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെയുളള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റ് നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് വിട്ടുനിലക്കാനാണ് തീരുമാനം. രാജ്യവ്യാപകമായുളള പ്രതിഷേധത്തില്‍ ചലച്ചിത്ര- ടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും പങ്കെടുക്കും. 

ഇന്ത്യൻ ഫിലിംസ് ആൻഡ് ടിവി ഡയറക്ടേഴ്സ് അസോസിയേഷനും രാജ്യത്തെ 19 മറ്റു സംഘടനകളും പ്രതിഷേധത്തോടു സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വെസ്റ്റേൺ ഇന്ത്യ സിനിമാറ്റോഗ്രാഫേഴ്സ് അസോസിയേഷൻ, സ്ക്രീൻ റൈറ്റേഴ്സ്  അസോസിയേഷൻ, ദ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ വോയിസ് ആർടിസ്റ്റ്സ്, സിനി കോസ്റ്റ്യൂം ആൻഡ് മെയ്ക് അപ് ആർടിസ്റ്റ് ആൻഡ് ഹെയർ ഡ്രസേഴ്സ് അസോസിയേഷൻ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കു ചേരും. 

ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചരിത്രം വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന്  ആരോപിച്ച് കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പ​ത്മാ​വ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ ജീ​വ​നൊ​ടു​ക്കു​ക​ വരെയുണ്ടായി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പത്മാവതിയുടെ റിലീസ്  തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു‍. ചിത്രത്തിന് മധ്യപ്രദേശിലും  ഗുജറാത്തിലും വിലക്കുണ്ട്. 

തീയറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍, കോലം കത്തിക്കല്‍ തുടങ്ങി രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് അനുമതി പോലും കിട്ടിയിട്ടില്ല.  

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍