'17 വര്‍ഷമെടുത്തു, സംഭവിച്ചത് എന്തായിരുന്നെന്ന് മനസിലാക്കാന്‍'; നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍വതി

By Web TeamFirst Published Oct 31, 2018, 6:37 PM IST
Highlights

ശൈശവകാലത്ത് നേരിട്ട ഈ മോശം അനുഭവം ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും പാര്‍വ്വതി. "ഇപ്പോഴും ആ ഓര്‍മ്മ ഓരോ ദിവസവും പ്രശ്‌നമുണ്ടാക്കുന്നുണ്ട്."

നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതൊരു പീഡനമായിരുന്നെന്ന് തിരിച്ചറിയാന്‍ നീണ്ട 17 വര്‍ഷങ്ങളെടുത്തുവെന്നും നടി പാര്‍വ്വതി. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍. 

"വളരെ ചെറുപ്പത്തിലാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. മൂന്നോ നാലോ വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ അന്ന് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ 17 വര്‍ഷങ്ങളെടുത്തു. പീഡനമാണെന്ന തിരിച്ചറിവിന് ശേഷം 12 വര്‍ഷങ്ങളെടുത്തു അതേക്കുറിച്ച് തുറന്നുപറയാന്‍," പാര്‍വ്വതി പറഞ്ഞു.

ശൈശവകാലത്ത് നേരിട്ട ഈ മോശം അനുഭവം ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും പാര്‍വ്വതി. "ഇപ്പോഴും ആ ഓര്‍മ്മ ഓരോ ദിവസവും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഓരോ ദിനവും അത് തിരിച്ചറിയുകയും സ്വീകരിക്കുകയും മറികടക്കുകയും ചെയ്യേണ്ടിവരുന്നുണ്ട്. ഒരു ദൈനംദിന പ്രവര്‍ത്തനമാണ് അത്." പാര്‍വ്വതി പറഞ്ഞവസാനിപ്പിച്ചു.

നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ ആരോപണത്തോടെ ബോളിവുഡില്‍ കരുത്താര്‍ജിച്ച മീടൂ ക്യാംപെയ്‌നിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ മുംബൈ മാമി ചലച്ചിത്രോത്സവം. മീടൂ ആരോപണവിധേയര്‍ ഭാഗഭാക്കായ സിനിമകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അന്തിമപട്ടിക.

click me!