ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് അറിയാം, നടപടിയെ ഭയക്കുന്നില്ല: പത്മപ്രിയ

By Web TeamFirst Published Oct 15, 2018, 9:47 PM IST
Highlights

 ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് അറിയാമെന്നും സംഘടനാ നടപടിയെ ഭയക്കുന്നില്ലെന്നും നടി പത്മപ്രിയ. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കതിരെ നടപടിയെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു.

തിരുവനന്തപുരം: ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് അറിയാമെന്നും സംഘടനാ നടപടിയെ ഭയക്കുന്നില്ലെന്നും നടി പത്മപ്രിയ. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കതിരെ നടപടിയെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു.  ജനറല്‍ ബോഡി മെമ്പര്‍ എന്ന നിലയില്‍ ചെയ്യാവുന്നത് ചെയ്യും. അമ്മയിലെ മെമ്പര്‍മാര്‍ ഞങ്ങള്‍ക്കെതിരെ പറയുന്നതും അങ്ങനെയെങ്കില്‍ സംഘടനാ നിയമ ലംഘനമാണ്. 

അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. മീഡിയക്ക് മുന്നില്‍ കാര്യങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ലേ. ജനറല്‍ ബോഡിയില്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു നിയമം പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഞങ്ങള്‍ക്കത് സാധിക്കില്ല. നേതൃത്വമാണ് ജനറല്‍ ബോഡിയുടെ ശബ്ദം. പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളും ജനറല്‍ ബോഡിയില്‍ വോട്ടിനിട്ടാണോ എടുക്കുന്നത്. 

അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയ്ക്കെതിരെ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണം അടിസ്ഥാന രഹിതമാണ്. ഇത് ഡബ്യൂസിസിയുടെ പ്രശ്നമല്ല. ലോകം മുഴുവനുള്ള സ്ത്രീകളുടെ പ്രശ്നമാണ്. അന്ന് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കും മുമ്പ് എന്തിനാണ് അത്രയും പ്രശ്നമുണ്ടായത്.  പൊതുജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയും. അകത്തു നിന്നു തന്നെ പോരാടുമെന്നും പത്മപ്രിയ പറഞ്ഞു.

അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് രമ്യ നമ്പീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ചും രമ്യ പ്രതികരിച്ചു. ഇന്നത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും അവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.

നേരത്തെ കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്യൂസിസിക്കെതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ കണ്ടാല്‍ അത് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു എന്ന് മനസിലാക്കണമെന്നായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം. ദിലീപ് കുറ്റാരോപിതനാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ കഞ്ഞികുടി മുട്ടിക്കാനാണ് ഡബ്യൂസിസി ശ്രമിക്കുന്നതെന്നും മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയ  അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദീഖ് പറഞ്ഞിരുന്നു. 

click me!