
പുതുമുഖ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലടക്കമുള്ളവരെ നാളെ ചോദ്യം ചെയ്തേക്കും. അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന നടിയുടെ ആരോപണത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.
സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അണിയറ പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമുള്ള പരാതികളിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ചില രംഗങ്ങളില്‍ അഭിനയിച്ച ശേഷം തന്നെ ഒഴിവാക്കിയെങ്കിലും ഡ്യൂപ്പിനെ വച്ച് താനെന്ന രീതിയില്‍ അപകീര്‍ത്തികരമായ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് സിനിമയില്‍ സാധാരണമായതിനാല്‍ ഇതില്‍ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. ആരോപണ വിധേയരായവരെ ചോദ്യം ചെയ്ത ശേഷം മാത്രമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
അതേസമയം താന്‍ പെട്ടെന്ന് പരാതിയുമായി രംഗത്തെത്തുകയായിരുന്നില്ല എന്ന് നടി പറയുന്നു. മുമ്പ് തന്നോട് വിശദീകരിച്ച രംഗങ്ങളല്ലാതെ ചില രംഗങ്ങള്‍ ഷൂട്ടിംഗ് സമയത്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയും ശരീരം പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള ഈ രംഗങ്ങളില്‍ അഭിനയിക്കാനാകില്ലെന്ന് താന്‍ പറയുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതിഫലം തരാതെ തന്നെ പറഞ്ഞുവിട്ടെന്നും നടി പറയുന്നു. പിന്നീട് ചിത്രം റിലീസ് ആയപ്പോള്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചില രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. സംവിധായകനടക്കമുള്ളവരെ ബന്ധപ്പെട്ടപ്പോള്‍ മറുപടിയുണ്ടായില്ല. അയച്ച വക്കീല്‍ നോട്ടീസിനും മറുപടിയില്ലാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നാണ നടി പറയുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ