'ഫ്രീക്ക് പെണ്ണി'ന് ഒരു കോടിയിലേറെ കാമുകരെ കിട്ടിയതിങ്ങനെ! സിനിമയെ വിജയിപ്പിക്കുന്ന മാന്ത്രികര്‍

By Lakshmi MenonFirst Published Oct 11, 2018, 5:12 PM IST
Highlights

സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് പുരോഗമിച്ചതിനൊപ്പം അതിനെ വിപണനം ചെയ്യാന്‍ നൂതന മാര്‍ഗ്ഗങ്ങളൊക്കെ പരീക്ഷിക്കപ്പെടുകയാണ്.

ഒറ്റ ദിവസം കൊണ്ട് കോടികള്‍ കൊയ്യാനും അതുപോലെ തന്നെ നഷ്ടപ്പെടുത്താനും സാധ്യതയുള്ള വ്യവസായം കൂടിയാണ് ഇന്ന് സിനിമ. റിലീസിന് മുന്‍പ് വന്‍ വിജയമുറപ്പിക്കുന്ന സിനിമകള്‍ പരാജയപ്പെടുന്നതും ഒരു പ്രതീക്ഷയുമില്ലാതെയെത്തുന്ന ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാവുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇത്രയും അനിശ്ചിതത്വം നിറഞ്ഞ ഈ മേഖലയില്‍ പരാജയം ഉറപ്പിച്ച സിനിമകളെപ്പോലും കൈ പിടിച്ചുയര്‍ത്തുന്ന ചില മാന്ത്രികരുണ്ട്. അവരാണ് പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റുമാര്‍.

പഴയ കാലത്ത് പോസ്റ്ററുകളും പത്ര പരസ്യവും സിനിമാ പ്രസിദ്ധീകരണങ്ങളിലും മറ്റും വരുന്ന വാര്‍ത്തകളും മാത്രമായിരുന്നു സിനിമയുടെ പ്രചരണോപാധി. സാറ്റലൈറ്റ് ടെലിവിഷന്‍ ജനകീയമായപ്പോള്‍ ചാനല്‍ ഷോകളും വന്നു. എന്നാല്‍ നിലവിലെ സോഷ്യല്‍ മീഡിയാ കാലത്ത് ഒരു സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് പ്രചരിക്കുന്നത്. അതിനാല്‍ത്തന്നെ സിനിമയുടെ പ്രചരണ പരിപാടികളും മുന്‍കാലങ്ങളില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായി. 

പി.ആര്‍.ഒ എന്ന സ്ഥാനം പണ്ടുമുതല്‍ക്കേ സിനിമയില്‍ ഉള്ളതാണ്. എന്നാല്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വരേണ്ട ഉള്ളടക്കം തയ്യാറാക്കലായിരുന്നു അവരുടെ പ്രധാന ജോലി. എന്നാല്‍ സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് പുരോഗമിച്ചതിനൊപ്പം അതിനെ വിപണനം ചെയ്യാന്‍ നൂതന മാര്‍ഗ്ഗങ്ങളൊക്കെ പരീക്ഷിക്കപ്പെടുകയാണ്. വന്‍ ജനപ്രീതി നേടുന്ന സിനിമകളെ അടിസ്ഥാനമാക്കി മറ്റ് ഉല്‍പ്പന്നങ്ങള്‍ പോലും വിപണിയിലെത്തുന്നു. ബിസ്‌കറ്റും ആഭരണങ്ങളും വസ്ത്രങ്ങളും അടക്കം ബ്രാന്റ് ചെയ്ത് ലാഭം കണ്ടെത്തിയ ബാഹുബലി 2 ഈ മാറ്റത്തിന്റെ വലിയ ഉദാഹരണമായിരുന്നുവെന്ന് മലയാളത്തിലെ പിആര്‍ മേഖലയിലെ പുതുതലമുറക്കാരനും വൈറ്റ് പേപ്പര്‍ മീഡിയ കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് ഡയറക്ടറുമായ ജിഷ്ണു ലക്ഷ്മണ്‍ പറയുന്നു. കോളേജുകളിലും മാളുകളിലും പാര്‍ക്കുകളിലുമൊക്കെ വിതരണം ചെയ്ത ബാഹുബലി പേപ്പര്‍ കപ്പുകള്‍ വിജയിച്ച ഒരു മാതൃകയായിരുന്നെന്ന് ജിഷ്ണുവിന്റെ സാക്ഷ്യം. അഡാര്‍ ലൗ എന്ന ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിന് പ്രതീക്ഷയ്ക്ക് വിപരീതമായി ലഭിച്ച ഡിസ്‌ലൈക്കുകളെക്കൂടി പ്രചരണോപാധിയാക്കാന്‍ സംവിധായകനും നിര്‍മ്മാതാവും കൂട്ടുനിന്നപ്പോള്‍ ഒന്നര കോടിയിലേറെ പ്രേക്ഷകരെയാണ് നേടിയെടുക്കാനായതെന്ന് സിനിമയുടെ പി.ആര്‍. കണ്‍സള്‍ട്ടന്റ് കൂടിയായ ജിഷ്ണു പറയുന്നു. 

പി.ആര്‍.ഒ എന്നതിന് പുറമേ മലയാളസിനിമയിലേക്ക് അടുത്തിടെ കടന്നുവന്ന മറ്റൊരു തസ്തികയാണ് പി ആര്‍ കണ്‍സള്‍ട്ടന്റ്. പ്രൊമോഷനുവേണ്ടി നീക്കിവെക്കുന്ന തുക എങ്ങനെയൊക്കെ ചിലവഴിക്കണം എന്ന പദ്ധതി തയ്യാറാക്കലാണ് ഇവര്‍ ചെയ്യുന്നത്. 'പലരും ഒരു ലക്ഷം രൂപ പ്രൊമോഷനുവേണ്ടി നിശ്ചയിച്ചാല്‍ അതില്‍ 80 ശതമാനവും ഓണ്‍ലൈന്‍ മേഖലയ്ക്കായി നീക്കി വയ്ക്കുകയാണിപ്പോള്‍. അത് ശരിയായ നടപടിയാണെന്ന് പറയാനാവില്ല. യുവജനങ്ങളാണ് പ്രധാനമായും ഓണ്‍ലൈന്‍ പ്രൊമോഷനിലൂടെ സിനിമയ്‌ക്കെത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്കായാണ് സിനിമയെങ്കില്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം. കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ പ്രൊഡക്ട് ബ്രാന്റിങ്ങ് പോലുള്ള സാധ്യതകള്‍ തേടണം. ഇവിടെയാണ് വിദഗ്ധനായ ഒരു കണ്‍സള്‍ട്ടന്റിന്റെ പ്രസക്തി,' ജിഷ്ണു പറയുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് പിആര്‍ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള മഞ്ജു ഗോപിനാഥ് പറയുന്നു. ഓണ്‍ലൈന്‍ പ്രൊമോഷന്‍ പോലുള്ള പുതിയ മാര്‍ഗങ്ങള്‍ പ്രേക്ഷകരിലേക്ക് സിനിമയെ എളുപ്പം എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. പ്രേക്ഷകരേക്കൂടി മുന്നില്‍ക്കണ്ട് വ്യത്യസ്ത രീതിയിലുള്ള  പ്രൊമോഷനുകള്‍ ആവിഷ്‌കരിക്കുന്നതാണ് ഇപ്പോഴത്തെ രീതി, മഞ്ജു പറയുന്നു.

പ്രൊമോഷന്‍ മാര്‍ഗങ്ങള്‍ എത്ര മാറിയെന്ന് പറഞ്ഞാലും പരമ്പരാഗത മാര്‍ഗങ്ങള്‍ക്കുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് പ്രശസ്ത പിആര്‍ഒ എ എസ് ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ മീഡിയകള്‍ സിനിമയെ എളുപ്പം പ്രേക്ഷകരിലേക്ക് എത്തിക്കുമെങ്കിലും പത്രങ്ങളിലും വാരികകളിലും സിനിമാ വാര്‍ത്തകള്‍ വായിക്കുന്നവരാണ് തീയേറ്ററില്‍ എത്തുന്നവരില്‍ ഏറെയുമെന്നാണ് ദിനേശിന്റെ പക്ഷം. സിനിമയെപ്പറ്റി കൂടുതല്‍ ആഴത്തില്‍ വിവരങ്ങള്‍ മനസിലാക്കുന്നതിന് പ്രിന്റ് മീഡിയ തന്നെയാണ് നല്ലതെന്നും ദിനേശ് പറയുന്നു.

click me!