
തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന 'ഡ്യൂഡ്' റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'ഡ്യൂഡ്'.
സിനിമയിലെ ഓരോ ഗാനങ്ങളും ഇറങ്ങിയത് രസകരമായ രീതിയിലായിരുന്നു. ചിത്രത്തിലെ ആദ്യഗാനമായി എത്തിയ ‘ഊരും ബ്ലഡ്’ 'ഡ്യൂഡി'ലെ ഫസ്റ്റ് ഗിയർ എന്ന ടാഗ് ലൈനുമായാണ് എത്തിയത്. പിന്നാലെ വന്ന 'നല്ലാരു പോ' എന്ന ഗാനം രണ്ടാമത്തെ ഗിയർ ആയെത്തി. ഏറ്റവും ഒടുവിൽ 'ഡ്യൂഡി'ലെ മൂന്നാമത്തെ ഗിയർ എന്ന ടാഗ് ലൈനിലാണ് 'സിങ്കാരി' എന്ന ഗാനം എത്തിയിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ് സാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ‘സിങ്കാരി’ എന്ന ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാൽ ഡബ്ബ വരികളെഴുതി സായ് അഭ്യങ്കറും ദീപ്തി സുരേഷും ബെദുമികയും പാൽ ഡബ്ബയും ചേർന്നാണ് 'ഊരും ബ്ലഡ്' പാടിയിരിക്കുന്നത്. വിവേക് വരികൾ എഴുതി ടിപ്പുവും മോഹിത് ചൗഹാനും സായ് അഭ്യങ്കറും ചേർന്നാണ് 'നല്ലാരു പോ' ആലപിച്ചിരിക്കുന്നത്. സഞ്ജയ് സെംവി വരികൾ എഴുതിയിരിക്കുന്ന 'സിങ്കാരി'യിലൂടെ പ്രദീപ് രംഗനാഥൻ ആദ്യമായി ഗായകനായിരിക്കുന്നു എന്ന പ്രത്യേകയും ഉണ്ട്. പ്രദീപിനൊപ്പം അപർണ ഹരികുമാർ, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ