ഹരിയിൽ എന്നും ഒരു ജോൺ മരിക്കാതെ കിടന്നിരുന്നു: ഹരിനാരായണനെക്കുറിച്ച് പ്രേംചന്ദ്

Published : Aug 12, 2018, 04:35 PM ISTUpdated : Sep 10, 2018, 03:30 AM IST
ഹരിയിൽ എന്നും ഒരു ജോൺ മരിക്കാതെ കിടന്നിരുന്നു: ഹരിനാരായണനെക്കുറിച്ച് പ്രേംചന്ദ്

Synopsis

തന്‍റെ ചിരകാല സുഹൃത്തിനെ, ജോണ്‍ എബ്രഹാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി താന്‍ സംവിധാനം ചെയ്ത ജോണ്‍ എന്ന സിനിമയുടെ പ്രധാന പ്രചോദനമായിരുന്നു ഹരിനാരായണനെ ഓര്‍ത്തെടുക്കുകയാണ് സംവിധായകനും നിരൂപകനുമായ പ്രേംചന്ദ്.

ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനും പ്രമുഖ തബല വാദകനുമാണ് ഭൂരിഭാഗം മലയാളികളെയും സംബന്ധിച്ച് അന്തരിച്ച ഹരിനാരായണന്‍. എന്നാല്‍ സാംസ്കാരിക മേഖലയിലെ ഒരുപാട് പേര്‍ക്ക് അടുത്തറിയാവുന്ന സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. തന്‍റെ ചിരകാല സുഹൃത്തിനെ, ജോണ്‍ എബ്രഹാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി താന്‍ സംവിധാനം ചെയ്ത ജോണ്‍ എന്ന സിനിമയുടെ പ്രധാന പ്രചോദനമായിരുന്നു ഹരിനാരായണനെ ഓര്‍ത്തെടുക്കുകയാണ് സംവിധായകനും നിരൂപകനുമായ പ്രേംചന്ദ്.

പറയാതെ പിരിയുന്ന ജോൺഓർമ്മക്ക്..; പ്രേംചന്ദ് എഴുതുന്നു

ഒപ്പം പങ്കുവച്ച ജോൺസ്വപ്നം ബാക്കി വച്ച് ഹരി പോയി , യാത്ര പറയാതെ.രണ്ട് ദിവസം മുമ്പാണ് അവസാനമായി അവൻ വിളിച്ചത് .ശബ്ദം ഒന്നു് തളർന്നിരുന്നു, ആഗസ്റ്റ് 15 ന് ബേപ്പൂരിൽ വച്ച് നടത്തുന്ന താളവാദ്യ കച്ചേരിക്ക് വരാൻ ദീദിയെയും പാപ്പാത്തിയെയും ഓർമ്മിപ്പിക്കണം എന്നു പറയാൻ മാത്രം . ഒപ്പം നമുക്കെപ്പോൾ കാണാനാവും ജോൺ എന്ന ചോദ്യത്തിൽ എവിടെയോ ഒരു വിഷാദം നിറച്ചു വച്ചത് പോലെ.
ജോൺ ഹരിയുടെയും സ്വപ്നമായിരുന്നു , വർഷങ്ങൾ നീണ്ട സ്വപ്നം.

31 വർഷം മുമ്പാണ് ഇതുപോലൊരസമയത്ത് യാത്ര പറയാതെ പിരിയും മുമ്പ് ജോൺ കോഴിക്കോട് മീഞ്ചന്തയിലെ ഹരിയുടെ വീട്ടിലെത്തി തന്റെ അവസാനത്തെ തിരക്കഥാ സ്വപ്നങ്ങൾ എഴുതിപ്പിച്ചത്. ചുരുണ്ടു മുഷിഞ്ഞ ഹരിയുടെ കൈപ്പടയിലുള്ള ആ മൂന്ന് പേജ് ശിഥിലസ്വപ്നത്തെ , ജോണിന്റെ അവസാനത്തെ മൂന്ന് ദിവസങ്ങളെ, പിന്തുടർന്നാണു് ജോൺ സിനിമക്ക് പിന്നീട് ദീദി തിരക്കഥാരൂപം പണിതത്. ജോണിന് വേണ്ടി മോർച്ചറിയിലൂടെ നടന്ന ഹരിയായിരുന്നു ആ സ്വപ്നം ആദ്യമറിഞ്ഞത്. ഒരഞ്ച് വർഷം മുൻപ് ഈ ചലച്ചിത്ര സ്വപ്നം പങ്കുവച്ചപ്പോൾ അതിനല്ലാതെ മറ്റെന്തിനാണ് ഞാനൊക്കെ ജീവിച്ചിരിക്കുന്നത് എന്ന ഹരിയുടെ മറുപടിയാണ് ആ സ്വപ്നത്തിന് ഏറ്റവും പ്രചോദനമായത്. അങ്ങിനെ ഹരി ആ മോർച്ചറി രംഗം വീണ്ടും അഭിനയിച്ചു .ഹരി തന്നെ സ്വന്തം ശവപ്പെട്ടി തുറന്നു നോക്കുന്ന രംഗം .

സ്വപ്നം കാണുന്നതല്ല സിനിമ .സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് നടക്കുമ്പോൾ ഒപ്പം നടന്നവർ പലപ്പോഴും ഒപ്പമുണ്ടായില്ലെന്നു വരും. ഏത് സ്വപ്നത്തിന്റെയും വിധിയാണത്. എന്നാൽ ഹരി ആദ്യം കേട്ട മാത്രയിൽ ജോൺ സിനിമക്ക് ഒപ്പം നടന്നു , ഷൂട്ടിങ്ങ് തീർക്കുന്നത് വരെയും അത് അവന്റെയും ഉത്തരവാദിത്വമാണ് എന്ന പോലെ സ്വപ്നത്തിലും യാഥാർത്യത്തിലും. അവസാന ശ്വാസം വരെയും.

ഹരിക്കൊപ്പമുള്ള ഷൂട്ടിങ്ങ് ദിവസങ്ങൾ ജോൺഓർമ്മകളിലൂടെയുള്ള തിരിച്ചു നടത്തം പോലെ വിസ്മയകരവും വേദനാജനകവുമായിരുന്നു. ഹരിയിൽ എന്നും ഒരു ജോൺ മരിക്കാതെ കിടക്കുന്നുണ്ട് എന്ന തിരിച്ചറിവിലൂടെ നടക്കുന്നത് പോലെയായിരുന്നു അത്. അങ്ങിനെ വർഷങ്ങൾക്കപ്പുറത്തും ഇപ്പുറത്തക്കുമുള്ള മരിക്കാത്ത ജോണിലൂടെ ഹരി വീണ്ടും നടന്നു.പലപ്പോഴും ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കനത്തു. കാലം അവനിൽ ജോണിനെ ഉള്ളിൽ വളർത്തി. ആ ശബ്ദത്തിൽ താളത്തിൽ ജോൺ പുറത്തേക്കൊഴുകി.

ഒടുവിൽ എത്ര യാദൃശ്ചികം എന്നു തോന്നും വിധം ജോണിന്റെ ജന്മദിനത്തിൽ തന്നെയായി അവന്റെ തിരിച്ചു പോക്ക്. സ്ഥിരീകരിക്കാനായി സുഹൃത്ത് ബിജു മൂത്തത്തി വിളിച്ചന്വേഷിച്ചാപ്പോഴാണ് ആ വാർത്ത ആദ്യ മറിയുന്നത്. നമ്മുടെ ഹരിക്ക് എന്തോ പറ്റിയോ ,ഒന്ന് വിളിച്ചു നോക്കുമോ എന്ന് . ഹരിയുടെ തന്നെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് അവന്റെ ആത്മമിത്രമായ സിത്താറിസ്റ്റ് വിനോദിന്റെ കരച്ചിലാണ്. എന്നിട്ടും ആ വീട്ടിലെത്തി ആ യാത്രയുടെ കിടത്തം നേരിൽ കാണും വരെയും അത് നേരായിരുന്നില്ല. നേരിൽ കണ്ടപ്പോൾ ജോൺ സിനിമയിൽ ഞങ്ങൾ ഷൂട്ട് ചെയ്ത ഒരു രംഗം പോലെ അവൻ അതേ പായയിൽ കിടക്കുന്നു. മോർച്ചറിയിൽ നിന്നും ഹരി എഴുന്നേറ്റിരിക്കുന്നത് സ്വന്തം വീട്ടിലായിരുന്നു. ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ ആ രംഗം പകർത്തുമ്പോൾ മരണപ്പായ പകരുന്ന ഒരു ടെൻഷൻ എല്ലാവരിലേക്കും പകർന്നിരുന്നു ഹരി. അതേ മുറിയിൽ ഇനി എഴുന്നേൽക്കാതെ ഹരി കിടക്കുമ്പോൾ അത് അവന്റെ മറ്റൊരു യാത്രയുടെ തുടക്കം മാത്രമായി നിറയുന്നു.

ജോൺ പോയി 31 വർഷത്തിന് ശേഷം ഹരിയെ തേടി വരുന്ന ജോണിന്റെ മുട്ട് കേട്ട് "അ ജോണോ" എന്നു് പറഞ്ഞ് തുറക്കുന്ന ആ വാതിലൂടെ ജോണിനൊപ്പം മരണത്തിന്റെ അജ്ഞാത താളം തേടി അവൻ അപ്രത്യക്ഷനാകുന്നു. നിലയ്ക്കാത്ത ആ താളപ്പെരുക്കത്തിന്റെ ഓർമ്മകൾ ഹൃദയമിടിപ്പിൽ പിടയ്ക്കുണ്ട്. ഹരി മരിച്ചു എന്ന് പറഞ്ഞു തുടങ്ങുന്ന ജോണിന്റെ അമ്മയെ അറിയാനുള്ള യാത്രയുടെ , ഒടുക്കത്തിൽ മരണത്തെ തന്നെ ഇല്ലാതാക്കി ഹരിയും യാത്ര പറയാതെ .

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം