'അഞ്ജലി മേനോനും ലോഹിതദാസിനും ഒരു സാമ്യമുണ്ട്'; പൃഥ്വിരാജ് പറയുന്നു

By Web DeskFirst Published Jun 23, 2018, 9:54 AM IST
Highlights
  • കൂടെയിലെ അനുഭവം പറഞ്ഞ് പൃഥ്വി

ഒരു അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത് രണ്ടാമതാണ്. 2012ല്‍ പുറത്തെത്തിയ മഞ്ചാടിക്കുരുവാണ് ഇരുവരും ഒരുമിച്ച ആദ്യ ചിത്രം. ജനപ്രീതിയില്‍ പുതിയ ഉയരങ്ങള്‍ കണ്ട ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം കൂടെയുമായി അഞ്ജലി വരുമ്പോള്‍ പൃഥ്വിയാണ് നായകന്‍. അഞ്ജലി മേനോന്‍ എന്ന സംവിധായികയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ അനുഭവം പറയുകയാണ് പൃഥ്വിരാജ്. സ്വന്തം കഥാപാത്രങ്ങളെക്കുറിച്ച് എത്രത്തോളം ധാരണയുള്ള സംവിധായികയാണ് അവരെന്ന് ഓര്‍ക്കുന്നു പൃഥ്വി..

"സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിംമേക്കറെ ഞാന്‍ വേറെ കണ്ടിട്ടില്ല. ജോഷ്വ എന്നാണ് കൂടെയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്. ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അവര്‍ക്ക്. ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന്‍റെ സിനിമയിലില്ലാത്ത ജീവിതപശ്ചാത്തലത്തില്‍ പോലും അവര്‍ ശ്രദ്ധ കൊടുക്കും. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ മറ്റൊരാള്‍ എന്‍റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇത്തരത്തില്‍ വിവരണം കിട്ടിയാല്‍ ഒരു സന്ദര്‍ഭത്തോട് എങ്ങനെയാവും അയാള്‍ പ്രതികരിക്കുക എന്നതിനെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാവില്ല." ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറയുന്നത്. ലോഹിതദാസിന്‍റെ 2003 ചിത്രം ചക്രത്തില്‍ പൃഥ്വിയായിരുന്നു നായകന്‍.

പാര്‍വ്വതിയാണ് കൂടെയില്‍ പൃഥ്വിയുടെ നായിക. നസ്രിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവാഹശേഷം നസ്രിയയുടെ സിനിമയിലേക്കുള്ള മടങ്ങിവരവാണ് കൂടെ. പറവയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ലിറ്റില്‍ സ്വയാംപ് പോള്‍ ആണ് ക്യാമറ. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം. മ്യൂസിക് 247 ആണ് ഒഫിഷ്യല്‍ മ്യൂസിക് പാര്‍ട്‍നര്‍.

click me!