
ചലച്ചിത്ര ലോകത്തെ മിന്നും നായികമാരെ സദാചാരം പഠിപ്പിക്കുന്ന ആരാധകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദീപിക പദുകണും പ്രിയങ്ക ചോപ്രയും മുതല്‍ അമലപോള്‍ വരെയുള്ളവര്‍ അത്തരം ആക്രമണത്തിന് ഇരയായിട്ടുണ്ട്. വസ്ത്രത്തിന്‍റെ നീളം സംബന്ധിച്ചുള്ള ക്ലാസുകളാണ് പലപ്പോഴും ആരാധകര്‍ നടിമാര്‍ക്ക് നല്‍കാറുള്ളത്.
കാര്‍ത്തിയുടെ കടൈ കുട്ടി സിങ്കത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നായിക പ്രിയ ഭവാനി ശങ്കറാണ് ഏറ്റവും അവസാനമായി ആരാധകരുടെ മോശം കമന്‍റിന് ഇരയായത്. എന്നാല്‍ ആരാധകന്‍റെ ക്ലാസെടുപ്പിനോടുള്ള പ്രിയയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നടിയുടെ ചിത്രം ചില സദാചാര ആരാധകര്‍ക്ക് സഹിക്കാനായില്ല. വസ്ത്രത്തിന് ഇറക്കം കുറഞ്ഞെന്നും കട്ടിയില്ലെന്നും ശരീരം കാണാമെന്നുമുള്ള ചൊറിച്ചിലുകള്‍ക്ക് പുറമെ സ്വപ്ന നായികമാര്‍ ഇങ്ങനെ ആകരുതെന്ന ഉപദേശഘോഷണങ്ങളുടെ പരമ്പരയ്ക്ക് തന്നെ നടിയുടെ ഇന്‍സ്റ്റഗ്രാം പേജ് സാക്ഷ്യം വഹിച്ചു.
വ്യക്തിസ്വാതന്ത്യത്തിനകത്ത് കൈകടത്തുന്ന ആരാധകര്‍ക്ക് കണക്കറ്റ് മറുപടി നല്‍കുകയായിരുന്നു പ്രിയ. ഫോട്ടോകളില്‍ എനിക്കും എന്‍റെ വേണ്ടപ്പെട്ടവര്‍ക്കും യാതൊരു പ്രശ്നവും തോന്നിയിട്ടില്ലെന്ന് പറഞ്ഞ പ്രിയ നിങ്ങള്‍ എന്നെ സ്വപ്ന നായിക ആക്കേണ്ടതില്ലെന്നും കുറിച്ചു. ചിത്രങ്ങള്‍ സൂം ചെയ്ത് നോക്കുന്ന നിങ്ങളുടെ കണ്ണിലാണ് പ്രശ്നമെന്ന് പറയാനും അവര്‍ മടികാട്ടിയില്ല. പ്രിയയുടെ മറുപടിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.