വളര്‍ത്തുനായയ്‌ക്കൊപ്പം ഓണസദ്യ: വിവാദം സൃഷ്ടിച്ചവരോട്  പ്രിയദര്‍ശന്റെ സഹായി ഷാനവാസിന് പറയാനുള്ളത്

By Web DeskFirst Published Oct 11, 2016, 10:01 AM IST
Highlights

വിവാദത്തിനിടയാക്കിയ പരാമര്‍ശം ഇതായിരുന്നു: 
'പലപ്പോഴും നാട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോള്‍ മാത്രമാണ് ഒരില ഇടുന്നത്. ഒറ്റയ്ക്കിരുന്നു കഴിക്കാന്‍ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു'. 

ഒരു ഓണപ്പതിപ്പില്‍ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തിലെ ഈ വാക്കുകള്‍ പ്രമുഖ പത്രം വാചകമേളയില്‍ എടുത്തുനല്‍കിയതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രിയദര്‍ശനെതിരെ പൊങ്കാല ആരംഭിച്ചത്. വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തില്‍ താനനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് പറയുകയായിരുന്നു പ്രിയന്‍. എന്നാല്‍, സദ്യ വിളമ്പിയ സഹായി ഷാനവാസിനെ കൂടെയിരുത്താതെ പ്രിയദര്‍ശന്‍ പട്ടിയെ കൂടെയിരുത്തിയത് അദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധതയും സങ്കുചിത മനസ്സും കാരണമാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. പ്രിയനെതിരെ ആക്ഷേപകരമായ നിരവധി ട്രോളുകളും ഇതിനെ തുടര്‍ന്ന് വ്യാപകമായി. ഈ സാഹചര്യത്തിലാണ് ഷാനവാസിന്റെ വിശദീകരണം വരുന്നത്. 

ഷാനവാസിന് പറയാനുള്ളത്
പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നതിനെക്കാള്‍ മകനെ പോലെയോ സഹോദരനെ പോലെയോ ആണ് പ്രിയദര്‍ശന്‍ തന്നെ പരിഗണിക്കുന്നതെന്ന് ഷാനവാസ് അഭിമുഖത്തില്‍ പറഞ്ഞു. പത്തു വര്‍ഷമായി പ്രിയദര്‍ശനെ അടുത്തറിയാം. നേരത്തെ ഹമീദ് എന്നൊരാളായിരുന്നു പ്രിയദര്‍ശന്റെ സഹായിയെന്നും രണ്ടു വര്‍ഷം മുമ്പ് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഹമീദ് ആയിരുന്നുവെന്നും ഷാനവാസ് പറഞ്ഞു. 

ഇത്തവണ ഓണത്തിന് പ്രിയദര്‍ശന്റെ ഒപ്പമാണ് താനും സദ്യ കഴിച്ചതെന്ന് ഷാനവാസ് പറയുന്നു. 'എന്നെക്കുറിച്ച് എന്തേലും എഴുതിയിരുന്നേല്‍ വിഷമമുണ്ടായിരുന്നില്ല. പ്രിയദര്‍ശനെ താറടിച്ചുകാണിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. എഴുതുന്നവര്‍ പലരും എഴുതും. പല മുസ്ലീം സംഘടനകളും ഇതിന് മുന്‍നിരയില്‍ ഉണ്ട്. ഞാനും പ്രിയന്‍ സാറിനൊപ്പമാണ് സദ്യകഴിച്ചത്. ഫസ്റ്റ് ടൈമാണ് ഓണത്തിന് ഇങ്ങനെ വേറെ ആരുമില്ലാത്തത്'

നിര്‍ബന്ധിച്ചാലും പ്രിയദര്‍ശന്റെ കൂടെ ഒരു ഫോട്ടോയ്ക്കു പോലും പോസ് ചെയ്യാത്ത ആളാണ് താനെന്നും തന്നെക്കുറിച്ച് എവിടെയെങ്കിലും പരാമര്‍ശിക്കണം എന്ന ആഗ്രഹത്താലാണ് അദ്ദേഹം സദ്യ വിളമ്പിയ കാര്യം അഭിമുഖത്തില്‍ പറഞ്ഞതെന്നും  ഷാനവാസ് പറഞ്ഞു. ' എന്നോടുള്ള അടുപ്പം മൂലം എന്നെ എവിടേലും ഉള്‍ക്കൊള്ളിക്കണമെന്നാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. പ്രിയന്‍ സാര്‍ പറഞ്ഞ നല്ല ഒരു കാര്യം ഇത്ര വലിയ ദ്രോഹം അദ്ദേഹത്തിനുണ്ടാക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല'-ഷാനവാസ് പറഞ്ഞു. 

ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത ആളാണ് പ്രിയദര്‍ശനെന്നും ഷാനവാസ് പറഞ്ഞു. 'ഞാന്‍ മുസ്ലീം ആണ് എന്നാല്‍ ജാതിയോ മതമോ നോക്കിയല്ല ഞാന്‍ കാര്യങ്ങള്‍ കാണുന്നത്. അക്കാര്യത്തിലും എനിക്ക് മാതൃക പ്രിയന്‍ സാറാണ്. ഞാന്‍ മുസ്ലിമും സാര്‍ ഹിന്ദുവും ആയി ജനിച്ചത് കൊണ്ട് ഏത് കാര്യത്തിലും ജാതിയും മതവും നോക്കി വിവാദമുണ്ടാക്കുന്നത് എന്തിനാണ്'-ഷാനവാസ് ചോദിക്കുന്നു. 

പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം ഷാനവാസ്. Image Courtesy: Southlive
 

click me!