
തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീല ഇന്ന് തിയേറ്ററുകളിൽ. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ബഹിഷ്‍കരണ ആഹ്വാനങ്ങൾക്കിടയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മഞ്ജുവാര്യർ നായികയാകുന്ന ഉദാഹരണം സുജാതയുടെ റിലീസും ഇന്ന് തന്നെയാണ്.
നായകൻ പ്രതിനായകനായപ്പോൾ രാമലീലയുടെ റിലീസ് പല തവണയാണ് നീണ്ടുപോയത്. ജൂലായ് 21ന് റിലീസ് നിശ്ചയിച്ചിരിക്കെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജൂലായ് 10ന് അറസ്റ്റിലായി. ഇതോടെ ചിത്രം പുറത്തിറങ്ങാൻ വൈകി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചിത്രം പ്രേക്ഷകരിലേക്ക്. ദിലീപിന്‍റെ ജീവിതത്തിലെ സമീപകാല സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ട്രെയിലറും പോസ്റ്ററും പാട്ടുമെല്ലാം റിലീസിന് മുമ്പേ പ്രേക്ഷകശ്രദ്ധ നേടി.
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ചില കോണുകളിൽ നിന്നുയർന്നെങ്കിലും അതൊന്നും സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
നവാഗതനായ ഫാന്‍റം പ്രവീണാണ് മഞ്ജുവാര്യർ നായികയാകുന്ന ഉദാഹരണം സുജാത സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു
കോളനിയിൽ താമസിക്കുന്ന സുജാതയെന്ന വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ മഞ്ജുവിന്. മംമ്ത മോഹൻദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ