'പരീക്ഷണം ആയിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു'; പൃഥ്വിരാജിന് 'രണം' നിര്‍മ്മാതാവിന്റെ മറുപടി

By Web TeamFirst Published Sep 22, 2018, 3:55 PM IST
Highlights

താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കില്ലെന്നും അത് അറിഞ്ഞുകൊണ്ട് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാണെന്നും രണം പോലെയുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ പെടുന്നതാണെന്നുമൊക്കെയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.
 

രണം പരാജയമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ പൃഥ്വിരാജിനോടുള്ള പ്രതികരണമെന്ന നിലയില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. പൃഥ്വിയുടെ പരാമര്‍ശത്തെക്കുറിച്ച് നേരിട്ട് പറയാതെ സൂചനകളിലൂടെയുള്ളതായിരുന്നു റഹ്മാന്റെ പോസ്റ്റ്. തനിക്ക് സകലതും തന്നത് സിനിമയെന്ന രാജാവാണെന്നും ആ രാജാവിന്റെ മകനാണ് താനെന്നും അദ്ദേഹത്തെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് കുഞ്ഞനുജനാണെങ്കിലും തനിക്ക് നോവുമെന്നുമൊക്കെ റഹ്മാന്‍ കുറിച്ചു. ഈ വിഷയത്തില്‍ തന്റെ പ്രതികരണവും രേഖപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍.

താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കില്ലെന്നും അത് അറിഞ്ഞുകൊണ്ട് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാണെന്നും രണം പോലെയുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ പെടുന്നതാണെന്നുമൊക്കെയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. ഇതിനോട് നേരിട്ട് പ്രതികരിക്കുകയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ ബിജു ലോസണ്‍. റഹ്മാന്‍ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ആവറേജ് ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയായിരുന്നു. ഇതിനോടാണ് അദ്ദേഹം പ്രതികരിച്ചത്. അതിങ്ങനെ.

"ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മ്മിക്കണമായിരുന്നു. അല്ലാതെ നിര്‍മ്മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്ക് ആവറേജ് പ്രതികരണമാണ്. പക്ഷേ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ല.." ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേര്‍ന്നാണ് രണം നിര്‍മ്മിച്ചത്.

അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ പബ്ലിസിറ്റിയുടെ ഭാഗമായി നടത്തിയ സംവാദത്തിലായിരുന്നു പൃഥ്വിയുടെ പരാമര്‍ശം. അതിങ്ങനെ..

"എന്റെ ഹൃദയം പറയുന്നത് കുറച്ച് കാര്യങ്ങള്‍ ട്രൈ ചെയ്യണമെന്നാണ്. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ വിജയിക്കില്ല. കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. അതെനിക്ക് അറിയാം. പക്ഷേ ട്രൈ ചെയ്യണം. ഒരു പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ഇതൊന്നും ട്രൈ ചെയ്തില്ലല്ലോ എന്നോര്‍ത്താല് എനിക്ക് ഭയങ്കര സങ്കടമായിപ്പോവും.."

 

മോഹന്‍ലാലിന്റെ 1986 ചിത്രം രാജാവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചായിരുന്നു ഇതിനോടുള്ള റഹ്മാന്റെ പ്രതികരണം. അത് ഇങ്ങനെ..

"ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു.... അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍.... അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാന്‍ പിടയും..."

click me!