
ദില്ലി: നടി രശ്മി മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ് . വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവരെയാണ് പിടികൂടിയത്. മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. വ്യാജപ്പേരുകളിലായിരുന്നു നാലുപേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളത്. എന്നാൽ വിഡിയോ നിർമിച്ചവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്ഫെയ്ക് ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
രശ്മിക മന്ദാനയുടെ വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൗമാരക്കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിര്‍മിതിയാണ് ഡീപ്ഫെയ്ക് വിഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ചത്. സംഭവത്തിൽ ദില്ലി പൊലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്. വിഷയത്തിൽ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ