
കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ പലതിലും നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഈ വാരം തീയേറ്ററുകളിലെത്തിയ 'പ്രാണ' എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ കേരളത്തിലെ പല വന്‍നിര മള്‍ട്ടിപ്ലെക്‌സുകളിലെയും 'പ്രാണ'യുടെ കാഴ്ചാനുഭവം തന്നെ നിരാശപ്പെടുത്തിയെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു.
കോര്‍പറേറ്റുകള്‍ നടത്തുന്ന മള്‍ട്ടിപ്ലെക്‌സുകളെ സംബന്ധിച്ച് കാന്റീനില്‍ വിറ്റുപോകുന്ന പോപ്‌കോണിലും കൊക്കകോളയിലുമാണ് അവരുടെ ശ്രദ്ധയെന്നും പ്രദര്‍ശന സംവിധാനത്തോട് അലക്ഷ്യമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും റസൂല്‍. അത്തരം തീയേറ്ററുകളില്‍ ടിക്കറ്റുകള്‍ക്ക് വലിയ തുക പ്രേക്ഷകര്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഇത്തരം തീയേറ്ററുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കേണ്ടതുണ്ടോ എന്നും.
'ചില വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ വിവിധ ഭാഷാ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ.' പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ സാംസ്‌കാരിക മന്ത്രി എം എ ബേബിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും റസൂല്‍.
'പ്രാണയുടെ അനുഭവത്തെ തീയേറ്ററുകള്‍ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരുടെയും ജോലിയെയാണ് അവര്‍ വികലമാക്കിയിരിക്കുന്നത്. ഇത് നിങ്ങള്‍ പ്രേക്ഷകര്‍ അറിയണം, മനസിലാക്കണം. നിങ്ങള്‍ കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം.' അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് നമ്മുടെ സിനിമകള്‍ അയക്കണമോ എന്നാണ് സിനിമയിലെ സഹപ്രവര്‍ത്തകരോട് തനിക്ക് ചോദിക്കാനുള്ളതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. സാങ്കേതികപ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുനിന്നുകൊണ്ട് ഇന്റസ്ട്രിയില്‍ എന്തുകൊണ്ട് ഏകീകരണം നടപ്പാക്കിക്കൂടാ എന്നും.
മള്‍ട്ടിപ്ലെക്‌സുകളിലെ പ്രദര്‍ശന സംവിധാനം പലപ്പോഴും ഇത്തരത്തിലായിരിക്കുമ്പോള്‍ ചെറിയ സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകള്‍ പലപ്പോഴും ദൃശ്യ, ശബ്ദ സംവിധാനങ്ങളില്‍ ഞെട്ടിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. 'ഡി സിനിമാസിലും തൃശൂര്‍ രാഗം തീയേറ്ററിലും 'പ്രാണ' മികച്ച അനുഭവമായിരുന്നു. കാരണം ആ തീയേറ്ററുകാരൊക്കെ സിനിമയെ പാഷനേറ്റ് ആയാണ് കാണുന്നത്. ഏറ്റവും മികച്ച ശബ്ദ, ദൃശ്യ ക്രമീകരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പ്രധാനം. അല്ലാതെ പോപ്‌കോണും സമൂസയും നല്‍കുന്നതല്ല. അത് കൊടുക്കാതെ മറ്റെല്ലാം കൊടുത്തുകൊണ്ട് സിനിമാനുഭവം നല്‍കുന്ന കാര്യത്തില്‍ മള്‍ട്ടിപ്ലെക്‌സുകള്‍ പ്രേക്ഷകരെ ചതിക്കുഴിയിലേക്ക് തള്ളിയിടുകയാണ്', റസൂല്‍ പൂക്കുട്ടി പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ