പൃഥ്വിയോ പാര്‍വ്വതിയോ ഒപ്പമില്ല; മോഹന്‍ലാലിനോട് പരാതിപ്പെട്ടു: മൈ സ്റ്റോറി സംവിധായിക പറയുന്നു

Sumam Thomas |  
Published : Jul 09, 2018, 08:43 PM ISTUpdated : Oct 02, 2018, 06:48 AM IST
പൃഥ്വിയോ പാര്‍വ്വതിയോ ഒപ്പമില്ല; മോഹന്‍ലാലിനോട് പരാതിപ്പെട്ടു: മൈ സ്റ്റോറി സംവിധായിക പറയുന്നു

Synopsis

'നാളെ ആരുടെ സിനിമയ്ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം'  

താന്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി എന്ന സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിന്റെയോ പാര്‍വ്വതിയുടെയോ പിന്തുണ തനിക്കില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് സംസാരിച്ചുവെന്നും റോഷ്‌നി, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.


മൈ സ്റ്റോറി നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് റോഷ്‌നി ദിനകര്‍


'നാളെ ആരുടെ സിനിമയ്ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. എന്നാല്‍ സിനിമ ഇത്രയും രൂക്ഷമായ രീതിയില്‍  സൈബറിടത്തില്‍ ആക്രമിക്കപ്പെടുമ്പോഴും പാര്‍വ്വതിയോ പൃഥ്വിരാജോ ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയും ഇവരില്‍ ഒരാളും ഇതുവരെ ഒരു മീഡിയയിലും വന്നില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വ്വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം. നാളെ ആരുടെ പടത്തിന് വേണമെങ്കിലും ഇത് സംഭവിക്കാം. ചിത്രത്തിലെ പാട്ട് റിലീസായപ്പോഴാണ് ആദ്യമായി ഹേറ്റ് ക്യാംപെയ്ന്‍ നടന്നത്. ഇപ്പോള്‍ ചിത്രം റിലീസായതിന് ശേഷവും അത് തന്നെ അവസ്ഥ. 

ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വ്വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്. ലാലേട്ടനുമായി സംസാരിച്ചപ്പോള്‍ സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക മാത്രമാണ് വഴിയെന്ന് അദ്ദേഹം പറഞ്ഞു..' റോഷ്‌നി വ്യക്തമാക്കുന്നു. 

റോഷ്‌നി ദിനകര്‍ തന്നെയാണ്  മൈ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നതും. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. പോര്‍ച്ചുഗല്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.  റിലീസിന് മുന്‍പുള്ള പല ഘട്ടങ്ങളിലും ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് ക്യാംപെയ്ന്‍ നടന്നിരുന്നു. റെക്കോര്‍ഡ് ഡിസ്‌ലൈക്കുകളാണ് ട്രെയിലറിനും പാട്ടിനും ലഭിച്ചത്. ചിത്രം റിലീസായതോടെ ഈ വിദ്വേഷ പ്രചരണം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നാണ് സംവിധായികയുടെ ആരോപണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍