മോഹന്‍ലാലിന്റെ ആ വിസ്‍മയ പ്രകടനത്തെ കുറിച്ച് ഷാജി കൈലാസ്

Published : Nov 04, 2017, 07:21 PM ISTUpdated : Oct 04, 2018, 06:48 PM IST
മോഹന്‍ലാലിന്റെ ആ വിസ്‍മയ പ്രകടനത്തെ കുറിച്ച് ഷാജി കൈലാസ്

Synopsis

പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ എന്ന നടൻ എന്ന് സംവിധായകന് ഷാജി കൈലാസ്. മോഹൻലാൽ എന്ന നടൻ 'സംവിധായകന്റെ നടനാണ് എന്നും ഷാജി കൈലാസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വില്ലൻ കണ്ടു...ഒത്തിരി ഇഷ്ടപ്പെട്ടു. തുടർച്ച നഷ്ടപ്പെടാത്ത മനശാസ്ത്രപരമായ ഒരു അവതരണം. ഈ സിനിമയുടെ ഷോട്ട് ഡിവിഷൻ, ട്രാക്കിംഗ് ഷോട്സിന്റെ വേഗത, അവയുടെ സ്ഥിരത, സോളിഡ് ഫ്രെയിമിങ്ങ്, ക്ലോസപ്പുകളുടെ പൂർണത.. ഇവയെല്ലാം വാക്കുകൾക്ക് അതീതം. ഇത്തരമൊരു ചിത്രമൊരുക്കിയ ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ. പിന്നെ ലാലേട്ടൻ... പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ എന്ന നടൻ. അതിന്റെ മഹത്തായ ഒരു ഉദാഹരണം തന്നെയാണ് മാത്യൂ മാഞ്ഞൂരാൻ. പകരം വെക്കാനില്ലാത്ത ആ പ്രകടനം കണ്ടപ്പോൾ ഞാനും ലാലേട്ടനും ആദ്യമായി ഒരുമിച്ച ആറാം തമ്പുരാൻ ഷൂട്ടിങ്ങ് സമയത്തെ ഒരു സംഭവം ഓർമ്മ വന്നു.

ഷൂട്ടിങ്ങിന്റെ മൂന്നാം ദിവസമാണെന്നാണ് ഓർമ്മ. വരിക്കാശ്ശേരി മനയിലാണ് ചിത്രീകരണം. സ്ഥാവരജംഗമവസ്തുക്കളെല്ലാം എടുത്ത് സ്ഥലം കാലിയാക്കാൻ പറഞ്ഞ് ജഗന്നാഥൻ ഉണ്ണിമായയെ വിരട്ടുന്ന സീനാണ്. ഒരു ഫുൾ ലെങ്ത് ഡയലോഗ്. മഞ്ജു വാര്യർ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, കുതിരവട്ടം പപ്പുചേട്ടൻ, കുഞ്ചുവേട്ടൻ അങ്ങനെ എല്ലാവരുമുണ്ട്. ലാലേട്ടൻ മുകളിൽ നിന്ന് ആ ഡയലോഗ് അവരുടെ മുൻപിൽ വെച്ചു പറയുകയാണ്. സുകുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ട്രാക്ക് ഷോട്ടായിരുന്നു എടുത്തുകൊണ്ടിരുന്നത്. അതിന്റെ മൂഡ് അനുസരിച്ച് ട്രാക്ക്, ക്രെയിൻ, സൂം ലെൻസ് എന്നിങ്ങനെ മൂന്നെണ്ണവും സെലക്ട് ചെയ്‍ത് കൊടുത്തിരിക്കുകയാണ് ഞാൻ. ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ട്രാക്ക് തെറ്റുക, ക്യാമറ ഫോക്കസ് ആകാതെയിരിക്കുക, ക്യാമറ ഷെയ്ക്കാകുക എന്നിങ്ങനെ ഞങ്ങളുടെ തന്നെ കുഴപ്പം തന്നെയാണ്. മോഹൻലാലിന്റേതല്ല. എട്ടോളം ടേക്കുകൾ എടുത്തിട്ടും ശരിയാകാത്തപ്പോൾ ഇനി പെർഫെക്ടായിട്ട് റിഹേഴ്‌സൽ എടുത്തിട്ട് ഷൂട്ട് ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെ ടേക്ക് എടുക്കുമ്പോൾ മോഹൻലാൽ ഡയലോഗ് പറയുന്നതിനിടയിൽ അസാമാന്യമായ ഒരു പ്രകടനം നടത്തിയിരുന്നു. ഒൻപതാമത്തെ ടേക്ക് പോകുന്നതിന് മുൻപായി ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തു. അന്ന് മോണിറ്റർ ഒന്നുമില്ല. 2C ക്യാമറ കൂടിയാണ്. നമുക്ക് വ്യൂ ഫൈൻഡർ കൂടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു. അത് കാണാൻ പറ്റില്ല. ക്യാമറമാൻ എന്തു പറയുന്നുവോ അതാണ് ഓക്കേ. അത് ഞാൻ മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഇത് ഇപ്പോൾ എട്ടാമത്തെ ടേക്ക് ആണ്. രണ്ടാമത്തെ ടേക്ക് എന്തു ചെയ്തുവെന്ന് എനിക്ക് യാതൊരു പിടിയുമില്ല. ക്യാമറയുടെ മുൻപിൽ നിൽക്കുമ്പോൾ എനിക്ക് spontaneous ആയിട്ട് വരും. അപ്പോഴേ അതൊക്കെ ചെയ്യാൻ പറ്റൂ." ഞാൻ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹം എല്ലാ സംവിധായകരെയും സർ എന്നേ വിളിക്കൂ. ഈ ടേക്കിൽ എന്തു വരുമോ അതാണ് ചെയ്യാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു കഴിഞ്ഞ് എന്നെ അകത്തേക്ക് വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു. "ഷാജി സർ, ഈ ടേക്കിലും ഇത് നന്നായി വന്നില്ലെങ്കിൽ സർ ഒരു കാര്യം ചെയ്യണം. ഒന്നെങ്കിൽ എന്നെ മാറ്റണം അല്ലെങ്കിൽ ക്യാമറമാനെ മാറ്റണം." രണ്ടുപേരെയും മാറ്റില്ലെന്ന് പറഞ്ഞ് ഞാൻ പോയി ഷോട്ട് എടുത്തു. അത് ഓക്കെ ആയി. അന്ന് രാത്രിയും ഇപ്പോഴും ഞാൻ ചിന്തിക്കുന്ന ഒരു വസ്തുതയാണ് എന്തുകൊണ്ട് അദ്ദേഹം ആ ഷോട്ട് മാറ്റാൻ പറഞ്ഞില്ല? ഒരു സംവിധായകനെ അത്രത്തോളം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ആർട്ടിസ്റ്റാണ് അദ്ദേഹം. അത് നമുക്ക് ഒരു പുണ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മാത്രമല്ല. എല്ലാ സംവിധായകർക്കും ലാലേട്ടനൊപ്പവും അല്ലാതെയും ചിത്രങ്ങൾ ചെയ്യുമ്പോൾ ആ വ്യത്യാസം കൃത്യമായി അറിയാൻ സാധിക്കും. മോഹൻലാൽ എന്ന നടൻ 'സംവിധായകന്റെ നടനാണ്'. അദ്ദേഹത്തെ എപ്രകാരം ഉപയോഗിക്കുന്നുവെന്നതിലാണ് സംവിധായകന്റെ മികവ്. അത്തരത്തിൽ അദ്ദേഹത്തെ പൂർണമായി വിനിയോഗിച്ചിരിക്കുന്ന ഒരു ചിത്രമാണ് വില്ലൻ. തുടക്കം മുതൽ അവസാനം വരെ അദ്ദേഹത്തിന്റെ മൂഡ് നിലനിർത്തിയിരിക്കുന്ന ഒരു ടൈമിങ്ങും, അദ്ദേഹത്തിന്റെ ടേണിങ്ങും, നടപ്പും, ഭാവങ്ങളും, ഒരു ചിരി പോലും വരാതെ ഇങ്ങനെ കൊണ്ടുപോകുന്നതും എല്ലാം വളരെയധികം മനോഹരമാണ് കണ്ണ് നിറഞ്ഞിരിക്കുമ്പോൾ പോലും ചിരിക്കുന്ന ആ മുഖം തരുന്നത് വല്ലാത്തൊരു ഫീലിങ്ങാണ്. ആ ഫീലിങ്ങ് പ്രേക്ഷകർക്ക് കൂടി അനുഭവവേദ്യമാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം വില്ലന്റെ ഏറ്റവും വലിയ വിജയവും.

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി