ഷക്കീല ഒരു ഇതിഹാസമാണെന്ന് റിച്ച ഛദ്ദ

By Web TeamFirst Published Jul 27, 2018, 4:05 PM IST
Highlights
  •  ഷക്കീലയായി  വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയുടുത്ത് മലയാളി പെൺകൊടിയായി നിൽക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്
  • ഷക്കീലയുടെ ലുക്ക് ഉൾക്കൊള്ളുന്നതാണ്  സിനിമയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിച്ച

ബംഗലൂരു: തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും ഗ്ലാമർ താരം ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷക്കീലയായി  വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയുടുത്ത് മലയാളി പെൺകൊടിയായി നിൽക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.ഷക്കീലയുടെ ലുക്ക് ഉൾക്കൊള്ളുന്നതാണ്  സിനിമയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിച്ച പറഞ്ഞു.

”ഓരോ സമയത്തും ഓരോ ലുക്കിലാണ്  ഷക്കീല തിരശീലക്ക് മുമ്പിൽ എത്താറുള്ളത് . ആ ലുക്ക് അതു പോലെ പകർത്തുകയെന്നത് എന്നെ സംബദ്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഷക്കീലയുടെ ജീവിതകഥ എന്നിലൂടെ വെളളിത്തിരയിൽ എത്തുന്നതിൽ സന്തോഷമുണ്ട്. ഷക്കീല ഇപ്പോഴും ഒരു ലെജൻഡ് ആണ്. അവരുടെ ജീവിതത്തോട് പൂർണമായി നീതി പുലർത്തുന്നതായിരിക്കും ഈ സിനിമ”, റിച്ച വ്യക്തമാക്കി.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. കർണാടകയിലെ തീർത്ഥഹളളിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2019ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് ‘കിന്നാരത്തുമ്പികള്‍’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടി. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സഹതാരമായിട്ടായിരുന്നു റിച്ച ഛദ്ധയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 2012ൽ അനുരാഗ് കശ്യപ് ഒരുക്കിയ ‘ഗ്യാഗ്സ് ഓഫ് വാസെയ്പുർ’ എന്ന ചിത്രവും 2015ൽ പുറത്തിറങ്ങിയ ‘മസാൻ’ എന്ന ചിത്രവുമായിരുന്നു ഛദ്ദയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറി. കാൻ ഫിലിം ഫെസ്റ്റിവലിൽ  ‘ഡ്രാമാ മസാൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

അടുത്തിടെ സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയും റിച്ച വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം റിച്ചയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകും എന്നത് തീർച്ചയാണ്.

click me!