'ഒടിയനില്‍ ഡബ്ബ് ചെയ്തത് ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്റെ പേരില്‍'; ഷമ്മി തിലകന്‍ പറയുന്നു

By Web TeamFirst Published Jan 7, 2019, 2:40 PM IST
Highlights

'എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും."

തിലകനോട്  താരസംഘടനയായ 'അമ്മ' കാട്ടിയ അനീതിക്ക് പരിഹാരം കാണാമെന്ന മോഹന്‍ലാലിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് താന്‍ 'ഒടിയനി'ല്‍ ഡബ്ബ് ചെയ്യാന്‍ തയ്യാറായതെന്ന് ഷമ്മി തിലകന്‍. മോഹന്‍ലാല്‍ നല്‍കിയ ഉറപ്പിന്റെ ഉപകാരസ്മരണയായിരുന്നു 'ഒടിയനി'ലെ ഡബ്ബിംഗ് എന്നും തന്റെ ഭാഗം കഴിഞ്ഞുവെന്നും ഇനി എല്ലാം മോഹന്‍ലാലിന്റെ കൈയിലാണെന്നും ഷമ്മി ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കുറിച്ചു.

യുവനടന്‍ ധ്രുവനെ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടന്ന ചര്‍ച്ചയിലാണ് തിലകന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കാര്യവും ചര്‍ച്ചാവിഷയമായത്. 'അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്, സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടിങ്ങനാണ് ഭായ്...' എന്നായിരുന്നു ധ്രുവന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഷമ്മി തിലകന്റെ പോസ്റ്റ്. അതിന് താഴെ തിലകനെ പുറത്താക്കിയ വിഷയം ചര്‍ച്ചയായപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ..

'എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും. വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ ഇല്ല. എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം. അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18 ലെ മീറ്റിംഗില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്‌സ് ഒഴികെ) മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടെന്നുവെച്ച് ശ്രീ.ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18-ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന്റെ ഉപകാരസ്മരണ മാത്രമാകുന്നു. എന്റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടന്റെ കയ്യിലാണ്... അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം....!'

click me!