ജയരാജിനെയും യേശുദാസിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു: സിബി മലയില്‍

By Web DeskFirst Published May 4, 2018, 12:29 PM IST
Highlights
  • അവാര്‍ഡ് ജേതാക്കള്‍ക്ക് പൂര്‍ണ പിന്തുണയെന്നും സിബി
  • വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ വിശദീകരണം ഇന്നുണ്ടായേക്കും

വിജയികള്‍ക്കെല്ലാം രാഷ്ട്രപതി നേരിട്ട് പുരസ്കാരം നല്‍കാത്തതിനെത്തുടര്‍ന്ന് വിവാദത്തിലായ ദേശീയ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്ത ജയരാജിനെയും യേശുദാസിനെയും പരിഹസിച്ച് സംവിധായകന്‍ സിബി മലയില്‍. ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് പൂര്‍ണ പിന്തുണയെന്നും കലാകാരന്മാരുടെ ആത്മാഭിമാനം അടിയറ വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജയരാജിനെയും യേശുദാസിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും.

എല്ലാ വിജയികള്‍ക്കും രാഷ്ട്രപതി നേരിട്ട് പുരസ്കാരം നല്‍കുമെന്ന അവാര്‍ഡ്ദാനച്ചടങ്ങിന്‍റെ ആറുപത്തിനാല് വര്‍ഷത്തെ കീഴ്വഴക്കം ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് 66 അവാര്‍ഡ് ജേതാക്കള്‍ ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഫഹദ്, പാര്‍വ്വതി ഉള്‍പ്പെടെ മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കളില്‍ മിക്കവരും ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജും മികച്ച ഗായകനായ യേശുദാസും പങ്കെടുത്തു. ചടങ്ങ് ബഹിഷ്കരിച്ച മലയാളികളില്‍ ചിലര്‍ സര്‍ക്കാര്‍ ഒരുക്കിയ താമസസൗകര്യം ഉപേക്ഷിച്ച് ഇന്നലെ വൈകിട്ട് കേരളാ ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.

വിവാദത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ വിശദീകരണം ഇന്നുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

click me!