സിനിമയിലെ ലൈംഗിക ചൂഷണം തടയാനുള്ള ആഷിഖ് അബുവിന്‍റെ നിര്‍ദ്ദേശത്തെ പരിഹസിച്ച് സിദ്ദിഖ്

By Web TeamFirst Published Oct 15, 2018, 5:10 PM IST
Highlights

ആഷിഖ് അബുവിന്‍റെ സിനിമകളിൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കിൽ അയാളുടെ ഷൂട്ടിംഗ് സെറ്റിൽ അത്തരം പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകുന്നത് കൊണ്ടാകാമെന്ന് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ്.

കൊച്ചി: സിനിമയിലെ ലൈംഗിക ചൂഷണം തടയാനുള്ള സംവിധായകന്‍ ആഷിഖ് അബുവിന്‍റെ നിര്‍ദ്ദേശത്തെ പരിഹസിച്ച് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ്. ആഷിഖ് അബുവിന്‍റെ സിനിമകളിൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കിൽ അയാളുടെ ഷൂട്ടിംഗ് സെറ്റിൽ അത്തരം പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകുന്നത് കൊണ്ടാകാമെന്ന് സിദ്ദിഖ് പറഞ്ഞു. തൊഴിൽ ചൂഷണങ്ങൾ ഉണ്ടാവാതിരിക്കാൻ ഇനി താൻ ചെയ്യുന്ന എല്ലാ സിനിമകളിലും ഒരു ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് ആഷിക് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. 

ലോകമെങ്ങും വിവിധ തൊഴിൽ മേഖലകളിൽ നടക്കുന്ന മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു ആഷിക് അബുവിന്‍റെ പ്രഖ്യാപനം. 
സ്ത്രീകൾക്കായുള്ള ഇത്തരം ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ സർക്കാർ, സ്വകാര്യ തൊഴിൽ മേഖലകളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഇത്തരം കമ്മിറ്റികൾ നിയമരമായിത്തന്നെ നിർബന്ധിതമാക്കിയിട്ടുണ്ട്. തുല്യനീതിയെപ്പറ്റിയും സ്ത്രീസൗഹൃദ തൊഴിൽ ചുറ്റുപാടുകളെക്കുറിച്ചും സമൂഹം എന്നത്തേക്കാളും ഗൗരവമായി ചർച്ച ചെയ്യുന്ന സമയത്താണ് തന്‍റെ സിനിമകളിലും ഇനി മുതൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി ഉണ്ടാകുമെന്ന ആഷിക് അബുവിന്‍റെ പ്രഖ്യാപനം.

എന്നാൽ താനും തന്‍റെ സഹപ്രവർത്തകരും ജോലി ചെയ്യുന്ന സെറ്റിൽ അങ്ങനൊന്നും ഉണ്ടാവാറില്ലെന്നും ഉണ്ടാവുന്ന കാലത്ത് ആലോചിക്കാം എന്നുമാണ് സിദ്ദിഖിന്‍റെ പരിഹാസം. ഞങ്ങളുടെ തൊഴിൽ മേഖലയിലെ രീതി അനുസരിച്ച് അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആർക്കും സഹപ്രവർത്തകരായ ആരോടും പറയാവുന്നതാണ്. കമ്മിറ്റി എന്നൊക്കെ പറയുന്നത് പ്രഹസനമാണെന്നും കണ്ണിൽ പൊടിയിടാനാണെന്നും സിദ്ദിഖ് പറഞ്ഞു. 
 

click me!