
ചെന്നൈ: ചെന്നൈയിൽ നടികർ തിലകം ശിവാജി ഗണേശന്‍റെ പ്രതിമയെച്ചൊല്ലി വീണ്ടും രാഷ്ട്രീയവിവാദം മുറുകുകയാണ്. നാളെ ശിവാജിഗണേശന്‍റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിട്ടു നിൽക്കാൻ തീരുമാനിച്ചത് നടൻ കമൽഹാസന്‍റെ സാന്നിദ്ധ്യം മൂലമാണെന്നാണ് അഭ്യൂഹം. സംഭവം വിവാദമായതോടെ ഒ പനീർശെൽവം ഉദ്ഘാടനം നിർവഹിയ്ക്കുമെന്ന് പ്രഖ്യാപിച്ച് സർക്കാർ തലയൂരി.
രാഷ്ട്രീയ വിവാദങ്ങളുടെ നടുക്കായിരുന്നു ശിവാജി ഗണേശന്‍റെ പ്രതിമ എന്നും. കഴിഞ്ഞ ഡിഎംകെ സർക്കാർ മറീനാ ബീച്ചിൽ സ്ഥാപിച്ച ശിവാജി പ്രതിമ ഗതാഗതതടസ്സമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് എടുത്തുമാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത ശിവാജി സ്മൃതിമണ്ഡപത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
ശിവാജി കുടുംബത്തിന്‍റെ അടുത്ത സുഹൃത്തുകൂടിയായ കമൽ ഹാസൻ ഉദ്ഘാടനപരിപാടിയ്ക്കെത്തുമെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ പരിപാടിയിൽ നിന്ന് പിൻവാങ്ങി. സ്വന്തം പാർട്ടി പ്രഖ്യാപിയ്ക്കാൻ ലക്ഷ്യമിട്ട് അണ്ണാ ഡിഎംകെ സർക്കാരിനെതിരെ കടുത്ത വിമർശനമുയർത്തുന്ന കമൽഹാസനൊപ്പം വേദി പങ്കിടാൻ എടപ്പാടി താത്പര്യം കാണിച്ചില്ലെന്നാണ് സൂചന.
നേരിട്ട അപമാനത്തിൽ പ്രതിഷേധിച്ച് ശിവാജി ഗണേശന്‍റെ മകനും നടനുമായ പ്രഭു സർക്കാരിന് തുറന്ന കത്തെഴുതി. ഇത് വിവാദമായതോടെയാണ് ഒ പനീർശെൽവത്തെ ഉദ്ഘാടനത്തിന് വിടുമെന്ന് എടപ്പാടി പ്രഖ്യാപിച്ചത്. ഏറെ ആരാധകരുള്ള ശിവാജിയുടെ സ്മൃതിമണ്ഡപത്തിന് ആദരവ് കിട്ടാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ഒപിഎസ് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും നടൻ പ്രഭു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷം കമൽ ഹാസൻ രാഷ്ട്രീയക്കാർക്കൊപ്പം പങ്കെടുക്കുന്ന ആദ്യ വേദി കൂടിയാകും ഇത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ