
ലേഡി സൂപ്പര്‍ സ്റ്റാര്‍ പത്മശ്രീ ശ്രീദേവിക്ക് കണ്ണീരോടെ വിട നല്‍കി ഇന്ത്യന്‍ സിനിമാലോകം. ദുബായില്‍ വച്ച് അന്തരിച്ച ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് എത്തിയത്. ചുവന്ന പട്ടുസാരി പുതപ്പിച്ച് മുഖത്ത് ചമയങ്ങളുമിട്ടാണ് ശ്രീദേവിയുടെ ഭൗതികശരീരം സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
പ്രിയനായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച ഹേമമാലിനിയുടെ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
'ശ്രീദേവിക്ക് ഞാൻ എന്‍റെ അന്തിമോപചാരമർപ്പിച്ചു. സിനിമാമേഘല മുഴുവൻ ദുഃഖത്തിലാണ്. ചിലരൊക്കെ വിങ്ങിപ്പൊട്ടുന്നു. അതുപോലെയായിരുന്നു സിനിമയിൽ ശ്രീദേവിയുടെ പ്രഭാവം. ചുവന്നപട്ടുസാരി അണിഞ്ഞ് അവിടെ കിടക്കുന്നു. മരണത്തിലും പ്രസന്നായി, ശാന്തമായി ഉറങ്ങുന്നു' –ഹേമാമാലിനി പറഞ്ഞു.
സംസ്കാരചടങ്ങുകളെല്ലാം കൃത്യമായാണ് ഒരുക്കിയിരുന്നതെന്നും അവിടുത്തെ അന്തരീക്ഷവും സമാധാനം നിറഞ്ഞതായിരുന്നെന്നും ഹേമ മാലിനി പറഞ്ഞു.
ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ട് വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തില്‍ അവസാനിച്ചു.
വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. ബോണി കപൂറിന്‍റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പമുണ്ടായിരുന്നു.
ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലേക്ക് എത്തിയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വന്‍ജനക്കൂട്ടമാണെത്തിയത്.
ഫെബ്രുവരി 24മന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ