ഷാറൂഖ് ഖാന്‍റെ പാക് ആരാധകന് 22 മാസത്തെ തടവുശിക്ഷക്ക് ശേഷം മോചനം

By Web TeamFirst Published Dec 30, 2018, 11:15 AM IST
Highlights

ഇഷ്ടതാരങ്ങളായ ഷാറൂഖ് ഖാനെയും കാജോളിനെയും കാണാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിക്ക് മോചനം. 

പെഷാവര്‍: തന്‍റെ ഇഷ്ടതാരങ്ങളായ ഷാറൂഖ് ഖാനെയും കാജോളിനെയും കാണാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിക്ക് മോചനം. 22 മാസത്തെ തടവുശിക്ഷക്ക് ശേഷമാണ് അബ്ദുല്ല എന്ന 22കാരനെ വിട്ടയച്ചത്. വാഗാ അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ആഘോഷങ്ങള്‍ കാണാനെത്തിയ അബ്ദുല്ലയെ 2017 മേയ് 25നാണ് ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തത്. സ്വാത് താഴ്വരയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ മിന്‍ഗോരയാണ് അബ്ദുല്ലയുടെ സ്വദേശം.

വാഗാ അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്  ആഘോഷങ്ങള്‍ക്കുശേഷം സീറോലൈന്‍ കടന്ന് അതിര്‍ത്തിരക്ഷാ സേനക്കെടുത്തെത്തി ഷാറൂഖ് ഖാനെയും കാജോളിനെയും കാണണമെന്ന് അബ്ദുല്ല അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ പാക് ഹൈകമീഷന്‍ നല്‍കിയ പ്രത്യേക യാത്രാരേഖയുമായാണ് അബ്ദുല്ല അത്താരി- വാഗാ അതിര്‍ത്തി കടന്നത്.

ഷാറൂഖിനെയും കാജോളിനെയും കാണാനാണ് അതിര്‍ത്തി കടന്നതെന്ന് അബ്ദുല്ല മാധ്യമങ്ങളോടും പറഞ്ഞു. ജയിലിലായ സമയത്തും ഇഷ്ടതാരങ്ങളെ കാണാന്‍ ആഗ്രഹമറിയിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് അബ്ദുല്ല കത്തെഴുതിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. 

click me!