വിടവാങ്ങിയത് ഇന്ത്യന്‍ സിനിമയിലെ സുന്ദരപുരുഷന്‍

By Web DeskFirst Published Apr 27, 2017, 7:29 AM IST
Highlights

വിശേഷങ്ങളേറെയൊന്നും വേണ്ട ആ പേരിന്. അത്രയ്ക്ക് പരിചിതൻ. 1946ൽ ബ്രട്ടീഷ് ഇന്ത്യയിലെ പെഷവാറിൽ  വ്യവസായി കിഷൻ ചന്ദ്  ഖന്നയുടെ മകനായി ജനനം. ഇന്ത്യ - പാക് വിഭജനത്തിന് ശേഷം ഖന്ന കുടുംബം മുംബൈയിലേക്ക് കുടിയേറി. പഠനകാലത്ത് തന്നെ കലാരംഗത്തിൽ മികവ് പുലർത്തിയുന്ന വിനോദ് ഖന്നയിലെ സിനിമാ നടനെ തിരിച്ചറിയുന്നത് സുനിൽദത്ത് ആണ്.

1968ൽ പുറത്തിറങ്ങിയ 'മൻ കാ മീത്'  എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ്  വിനോദ് ഖന്നയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവ്.

തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നെഗറ്റീവ് വേഷങ്ങളിൽ  വിനോദ് ഖന്ന തിളങ്ങി. 1971ൽ പുറത്തിറങ്ങിയ 'ഹം തും ഓ‍ർ വോ' എന്ന ചിത്രത്തിൽ നായക പ്രാധാന്യമുളള വേഷമായിരുന്നു ഖന്നയുടേത്. ബോളിവുഡിൽ ഒരുകാലത്ത് ട്രെൻഡ് ആയിരുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു വിനോദ് ഖന്ന. ഖുദ് രാത്, ഖുർബാനി, അമർ അക്ബർ ആന്റണി, മുഖാദര്‍ കാ സിക്കന്ദര്‍,  മേരെ അപ്‌നെ, മേരാ ഗാവോം മേരാ ദേശ്, ഇംതിഹാന്‍, അചാനക്, ദയാവന്‍, ഹേര ഫേരി തുടങ്ങി നിരവധി ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾ. ഏല്ലാ തരം വേഷങ്ങളും ആ കൈകളില്‍ ഭദ്രമായിരുന്നു.

70- 80 കളിൽ  തിളങ്ങിനിന്ന വിനോദ്ഖന്ന  84 ൽ രജനീഷിന്റെ ശിഷ്യത്വം സ്വീകരിച്ച് സിനിമയിൽ നിന്ന് ആത്മീയതയിലേക്ക് പിൻവാങ്ങി.  അഞ്ച് വർഷത്തിന് ശേഷം  ഇൻസാഫ്, സത്യമേവ ജയതേ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങലളിലൂടെയാണ് തിരികെ വന്നത്. 1990കളുടെ അവസാനം രാഷ്ട്രീയത്തിൽ സജീവമായിരുന്ന വിനോദ്ഖന്ന ബിജെപി ടിക്കറ്റിൽ ഗുർദാസ്‍പൂരിൽ നിന്ന് മത്സരിച്ച് ജയിച്ച്  ലോക് സഭയിലുമെത്തി.

ബോളിവുഡിൽ നിരവധി സുന്ദരികളുടെ മനം കവർന്ന വിനോദ് ഖന്നയുടെ ജീവിത സഖിയായത് ഗീതാഞ്ജലിയായിരുന്നു. എന്നാൽ 1985ൽ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് 1990ൽ കവിതയെ ഒപ്പം കൂട്ടി.  ആദ്യ ബന്ധത്തിലെ   മക്കളായ അക്ഷയ് ഖന്നയും  രാഹുൽ ഖന്നയും വെളളിത്തിരയിൽ സജീവം.

അസുഖവും അവശതകളെയും തുടർന്ന് സിനിമാ ലോകം വിട്ടുനിന്ന വിനോദ് ഖന്ന, ഏറ്റവുമൊടുവിലെത്തിയത് കഴിഞ്ഞ വ‍ർഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ദിൽവാലെയില്‍. പിന്നീട് വിനോദ്ഖന്നയെ കണ്ടത് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൂടെ. അവശതയും  രോഗവും തളർത്തിയ , മേക്കപ്പ് ഇല്ലാത്ത , പ്രേക്ഷക‍ർക്ക് പരിചയമില്ലാത്ത രൂപത്തില്‍.

ഒടുവിൽ വേഷങ്ങൾ അഴിച്ചുവെച്ച്   ഒരു സൂപ്പർസ്റ്റാർ കൂടി തിരശ്ശീലയ്ക്ക് പിന്നിലേക്ക് നടന്നു നീങ്ങിയിരിക്കുന്നു

 


 

 

click me!