
ചെന്നൈ: നായകവേഷത്തിൽ നിന്ന് എങ്ങനെയും ഒഴിവാകാൻ വേണ്ടി ഒരിക്കൽ താൻ പ്രതിഫലം കൂട്ടിച്ചോദിച്ചിട്ടുണ്ടെന്ന് രജനീകാന്ത്. ചലച്ചിത്ര ജീവിത്തതിന്റെ തുടക്കകാലത്താണ് താൻ ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്നും രജനീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ ആരാധകരുമായി സംവദിക്കവേയാണ് രജനീകാന്ത് ആ പഴയ കഥ പറഞ്ഞത്.
ആദ്യകാലത്ത് താൻ വില്ലൻ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും നായകനാകണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഭൈരവി എന്ന ചിത്രത്തിലേക്ക് തന്നെ നായകനാക്കി ക്ഷണിച്ചുകൊണ്ട് നിർമാതാവായ കലൈജ്ഞാനം എത്തുന്നത്.
അന്നെന്തോ നായകനാകാൻ തോന്നിയില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ഒഴിവാകാൻ വേണ്ടി 50,000 രൂപ പ്രതിഫലമായി ചോദിച്ചു- രജനീകാന്ത് പറഞ്ഞു. അന്ന് രജനീകാന്തിന്റെ പ്രതിഫലം 25,000 രൂപയായിരുന്നു. പ്രതിഫലം കൂട്ടിയിട്ടും കലൈജ്ഞാനൻ വിട്ടില്ല.
30,000 രൂപ അഡ്വാൻസ് നൽകി രജനിയെത്തന്നെ നായകനായി ഉറപ്പിച്ചു. 1978ൽ റിലീസ് ചെയ്ത ഭൈരവി വൻവിജയമായിരുന്നു. രജനീകാന്തിനെ സൂപ്പർതാരമാക്കുന്നതിൽ ഭൈരവി വലിയ പങ്കു വഹിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ