ഓണ പരിപാടിയില്‍ ബീഫ് കഴിച്ചു; സുരഭിക്കെതിരെ സൈബര്‍ ആക്രമണം

By Web DeskFirst Published Sep 7, 2017, 5:14 PM IST
Highlights

കോഴിക്കോട്: ഓണത്തിന് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. സുരഭിയുടെ ഓണം എന്ന പേരില്‍ ഒരു ചാനലില്‍ നടത്തിയ പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഹോട്ടലില്‍ ഇരുന്ന് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇതിനിടെ ഹോട്ടലിലെ പൊറോട്ടയും ബീഫും കഴിക്കുന്നുണ്ട്. 

ഇതാണ് ഫേസ്ബുക്കിലെ ചില ഹിന്ദു മൗലികവാദ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ഓണപ്പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നാണ് ആരോപണം. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 

ആദ്യം കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സുരഭിക്ക് ധൈര്യമുണ്ടെങ്കില്‍ അടുത്ത പെരുന്നാളിന് ചാനലില്‍ വന്നിരുന്ന് പന്നിയിറച്ചി കഴിക്കാനും വെല്ലുവിളിയുമായാണ് ചിലര്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് സുരഭിയുടെ ഭക്ഷണ സ്വതന്ത്ര്യമാണിതെന്നാണ് എതിര്‍ അഭിപ്രായം ഉയരുന്നത്.

click me!