
കഴിഞ്ഞ വർഷമായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് താരത്തിന്റെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരുമിച്ച് സീരിയൽ ചെയ്യുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. ഒരു ഇന്റർകാസ്റ്റ് വിവാഹം ആയിരിക്കും തന്റേതെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് സ്വാസിക പറയുന്നു. വീട്ടുകാരും ബന്ധുക്കളും മതം ഒരു തടസമായി പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹാപ്പി ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.
''എന്റേത് ഒരു ഇന്റർകാസ്റ്റ് വിവാഹം ആയിരിക്കുമെന്ന് വിചാരിച്ചിട്ടേയില്ല. ഞങ്ങൾ റിലേഷനിൽ ആകുന്നതിനു മുൻപേ അമ്മയ്ക്ക് പ്രേമിനെ അറിയാം. ഞങ്ങൾ സീരിയലിൽ അഭിനയിക്കുമ്പോഴേ അമ്മ ലൊക്കേഷനിൽ വരുമായിരുന്നു. ഈ പയ്യൻ കുഴപ്പമില്ല എന്നൊരു കാര്യം അമ്മയുടെ മനസിൽ വന്നെന്ന് തോന്നുന്നു. അതുകൊണ്ട് ഇക്കാര്യം പറഞ്ഞപ്പോൾ ക്രിസ്ത്യനാണ് പറ്റില്ല എന്നൊന്നും അമ്മ പറഞ്ഞില്ല. അച്ഛൻ ബഹ്റിനിൽ ആണല്ലോ. ഞാൻ ഇക്കാര്യം പറയാൻ പേടിച്ചാണ് വിളിച്ചത്. ക്രിസ്ത്യനാണെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് അച്ഛനും പറഞ്ഞു. എന്റെ ബന്ധുക്കളും എതിർത്തൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് പേടി അമ്മയുടെ ആങ്ങളമാരെ ആയിരുന്നു. അവർക്കും അമ്മൂമ്മയ്ക്കും അങ്ങനെ ആർക്കും കുഴപ്പം ഇല്ലായിരുന്നു. എനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ, അതോ എല്ലാവർക്കും വട്ടായതാണോ എന്ന് ഞാൻ വിചാരിച്ചു.
ഞാനാണ് ആദ്യം പ്രേമിനോട് ഇഷ്ടം പറഞ്ഞത്. അന്ന് രണ്ട് മതസ്ഥരാണല്ലോ എന്നൊന്നും ചിന്തിച്ചില്ല. പിന്നീടാണ് അതൊക്കെ ചിന്തിച്ചത്. ഞാനൊരു സ്വപ്ന ജീവിയാണ്. ഒരു കാര്യം തുടങ്ങുന്നതിന് മുമ്പേ ഞാൻ സ്വപ്നം കാണും. അത് നടക്കാറുമുണ്ട്'', സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ