ആ ബലാത്സംഗ ദൃശ്യങ്ങള്‍ അഭിനയമായിരുന്നില്ല; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് സംവിധായകന്‍

By Web DeskFirst Published Dec 5, 2016, 2:20 AM IST
Highlights

ലൈംഗികതയുടെ തുറന്ന ചിത്രീകരണത്തെ തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ്. അന്ന് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നായിക മരിയ ഷ്നിദേയും 48 കാരന്‍ നായകന്‍ മര്‍ലന്‍ ബ്രാന്‍ഡോയും ഉള്‍പ്പെട്ട ഒരു സീനാണ് വിവാദമായിരിക്കുന്നത്. ബട്ടര്‍ റേപ് സീന്‍ എന്ന് പില്‍ക്കാലത്ത് സിനിമാ ആരാധകര്‍ പേരിട്ട് വിളിച്ച രംഗം നായികയായ മരിയ ഷ്നിദേയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ തന്നെയാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ക്യാമറക്ക് മുന്നില്‍ ഒരു നടി അക്ഷരാര്‍ത്ഥത്തില്‍ ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. സംവിധായകനും നടനും ചേര്‍ന്നെടുത്ത തീരുമാനം. ഏറ്റവും സ്വാഭാവികമായ ഭാവം നടിയില്‍നിന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഈ പദ്ധതി തയ്യാറാക്കിയതെന്നാണ് സംവിധായകന്റെ മുടന്തന്‍ ന്യായം.

2013ല്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം പുറത്തായതോടെ കടുത്ത വിമര്‍ശനമാണ് ലോകമെമ്പാടുനിന്നും ഇരുവര്‍ക്കും എതിരെ ഉയരുന്നത്. 2007ല്‍തന്നെ മരിയ ഇതെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. സംവിധായകനാലും നടനാലും ബലാത്സംഗം ചെയ്യപ്പെട്ടതായാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്ന് മരിയ പറഞ്ഞിരുന്നു. നായികയാകാന്‍ ആഗ്രഹിച്ച തന്നെ സെക്‌സ് സിംബലാക്കി മാറ്റി. സിനിമ ഇറങ്ങിയതിന് ശേഷം ഉണ്ടായ ഇത്തരം പ്രശ്നങ്ങള്‍ കാരണം വളരെക്കാലം മയക്കുമരുന്നിന് അടിമയായി വിഷാദരോഗം ബാധിച്ച് മരിയ കഴിയേണ്ടിവന്നു. 2011ല്‍ മരിച്ചു. ചിത്രത്തിലെ നായകനായിരുന്ന ബ്രാന്‍ഡോ 2004ല്‍തന്നെ മരിച്ചിരുന്നു. സിനിമകളിലെ ചൂഷണങ്ങളെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഈ വെളിപ്പെടുത്തല്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. 
 

click me!