
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബാലു എസ് നായർ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തഗ്ഗ് സിആര്‍ 143/ 24 നാളെ മുതല്‍ തിയറ്ററുകളില്‍. സന്ധ്യ സുരേഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവും ഏറെ സസ്പെൻസും നിലനിർത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്, ദേവ്, ബാലു എസ് നായർ, സി എം ജോർജ്, സന്ധ്യ, ക്ലയർ സി ജോൺ, ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയായിരിക്കും. പ്രത്യേകിച്ചും കൊലപാതകങ്ങൾ. ഒരു മരണം പൊലീസിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ തന്നെ ഇതു സ്വഭാവിക മരണമെന്നോ അല്ലെങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെ നടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണത്തിൽ ഞൊടിയിടക്കുള്ളിലാണ് അവർ കൊലപാതകിയെ കണ്ടെത്തിയത്. എന്നാൽ ചില കേസുകളിൽ ഇവർക്ക് അൽപ്പം കാലതാമസം നേരിട്ടേക്കാം. അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണ ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തി താൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഹാസ്, സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ നിഹാരിക, സംഗീതം എബി ഡേവിഡ്, ഛായാഗ്രഹണം ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ്, ഡിഐ ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം അനീഷ് വി കെ, മേക്കപ്പ് മാളൂസ് കെ പി, രാഹുൽ നരുവാമൂട്, കോസ്റ്റ്യൂംസ് അസീസ് പാലക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ പ്ലാമ്പൻ, ക്രിയേറ്റീവ് അസിസ്റ്റൻ്റ് അലൻ കെ ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് ഗ്രാമം, പ്രൊഡക്ഷൻ മാനേജർ മനീഷ് ടി എം, ഡിസൈൻ ഡാവിഞ്ചി സ്റ്റുഡിയോ, പ്രൊജക്റ്റ് ഡിസൈനർ, പ്രൊഡക്ഷൻ കൺട്രോളർ രാജൻ മാസ്ക്ക്, പിആർഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ