1000 കോടി മുടക്കി മഹാഭാരതം എടുക്കുമ്പോള്‍; ടോമിച്ചന്‍ മുളകുപാടത്തിന് പറയാനുള്ളത്

By Web DeskFirst Published Apr 18, 2017, 4:18 AM IST
Highlights

കൊച്ചി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ മഹാഭാരതത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രഖ്യാനം ഇന്ത്യന്‍ സിനിമാലോകത്ത് ഉണ്ടാക്കിയ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. 1000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മഹാഭാരതം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ചെലവേറിയ ചിത്രമായികരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 1000 കോടി മുടക്കി എടുക്കുന്ന ചിത്രം നിര്‍മാതാവിന് ലാഭമുണ്ടാക്കണമെങ്കില്‍ 2500 കോടി രൂപയെങ്കിലും നേടണമെന്ന്മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.  ഇന്ത്യന്‍ എക്സ്‌പ്രസിനോട് ടോമിച്ചന്‍ മുളകുപാടം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പടമെന്ന റെക്കോര്‍ഡ് അമീര്‍ ഖാന്‍ നായകനായ ഡങ്കലിനാണ്. അതുപോലും 740 കോടി രൂപമാത്രമാണ് നേടിയത്. ചൈനയില്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഡങ്കല്‍ അവിടെകൂടി റിലീസ് ചെയ്യുമ്പോള്‍ 100 കോട രൂപ കൂിട നേടുമെന്ന് പ്രതീക്ഷിച്ചാലും ആകെ നേടുക 840 കോടി രൂപയാണ്. ഈ കണക്കുവെച്ച് നോക്കിയാല്‍ 1000 കോടി രൂപ മുടക്കിയെടുക്കുന്ന മഹാഭാരതം മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണെന്നാണ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നിലപാട്.

എന്നാല്‍ ഇത് ഏതൊരു ഹോളിവുഡ് ചിത്രവും പോലെ ആഗോള വിപണിയാണ് ലക്ഷ്യമിടുന്നതെന്നാണ് മഹാഭാരതത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാകും ചിത്രം റീലീസ് ചെയ്യുക. ഇന്ത്യയിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായ ഡങ്കല്‍ ആഗോളതലത്തിലടക്കം 5300 സ്ക്രീനുകളില്‍ റിലീസ് ചെയ്താണ് 740 കോടി രൂപ കലക്ട് ചെയ്തത്. 70 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന് 75 കോടി രൂപ സാറ്റ്‌ലൈറ്റ് റൈറ്റായി ലഭിച്ചിരുന്നു. ചിത്രത്തില്‍ അമീര്‍ ഖാന്റെ പ്രതിഫലം എത്രയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രണ്ടാമത്തെ വലിയ പണംവാരിപ്പടമായ അമീര്‍ഖാന്റെ തന്നെ പികെ ആകെ നേടിയത് 800 കോടിയാണ്. 85 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണച്ചെലവ്. ദക്ഷിണേന്ത്യയിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായ ബാഹുബലി 150 കോടി മുടക്കി 600 കോടി രൂപയാണ് വാരിക്കൂട്ടിയത്. മലയാളത്തില്‍ 29 കോടി മുടക്കിയ പുലിമുരുകനാകട്ടെ 150 കോടി നേടി.

 

 

click me!