
നടൻ ടൊവിനോ തോമസിന്റെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ ആസ്വാദകമനസ്സിൽ ചേക്കേറിയ ടൊവിനോ പ്രളയകാലത്തും മറ്റുമുള്ള നിരവധി സന്നദ്ധസേവനങ്ങളിലൂടെ സിനിമക്കു പുറത്തും ജനഹൃദയങ്ങളിൽ ചേക്കേറിയ താരമാണ്. ഇതുവരെയുള്ള തന്റെ ജീവിതത്തിൽ തന്നെ സ്പർശിച്ച വ്യക്തികളേയും അനുഭവങ്ങളേയും കുറിച്ചുള്ള ഓർമ്മകളാണ് 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ' എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ഉള്ളതെന്ന് ടൊവിനോ പറയുന്നു.
"പുതിയ സിനിമയായ 'കുപ്രസിദ്ധ പയ്യന്റെ' ചർച്ചകൾ നടക്കുമ്പോൾ സംവിധായകനായ മധുപാലാണ് അനുഭവങ്ങളും ഓർമ്മകളും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു പ്രേരിപ്പിക്കുന്നത്. അദ്ദേഹം തന്നെ പുസ്തകത്തിന് അവതാരികയും എഴുതി തന്നു. എഴുത്തിന്റെ ലോകത്ത് എന്റെ ആദ്യ ചുവടാണിത്. മാധ്യമപ്രവർത്തകനായ വി എച്ച് നിഷാദ് ആണ് പുസ്തകത്തിന്റെ എഡിറ്റർ- ടൊവിനോ പറഞ്ഞു.
മുപ്പത് അധ്യായങ്ങളുള്ള പുസ്തകത്തില്‍ ഒരു പ്രേക്ഷകനെന്ന നിലയിലുള്ള തന്റെ ആദ്യ കാലം തൊട്ട് ചലച്ചിത്ര നടനാകുന്നതു വരെയുള്ള നിരവധി ഓര്‍മ്മകള്‍ ടൊവിനോ പങ്കുവയ്‍ക്കുന്നുണ്ട്.
ജാതി-മത-രാഷട്രീയ ഭേദമന്യേ കേരളീയര്‍ അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹിച്ചത് അടുത്തിടെയുണ്ടായ പ്രളയ കാലത്താണെന്നാണ് ടൊവിനോ ഈ കുറിപ്പുകളില്‍ എഴുതുന്നത്. കേരളീയര്‍ പോസിറ്റിവിറ്റിയെ നെഞ്ചിലേറ്റിയ ഒരു നേരമായിരുന്നു ഇതെന്നും ടൊവിനോ പറയുന്നു. 'ഇടയ്ക്ക് നമ്മുടെ മാതാപിതാക്കളിലേക്കോ പ്രകൃതിയിലേക്കോ തിരിഞ്ഞു നോക്കിയാല്‍ തന്നെ മതി. ഈ പോസിറ്റിവിറ്റി കിട്ടു'മെന്നും ടൊവിനോ ഈ കുറിപ്പുകളില്‍ തുടര്‍ന്നു പറയുന്നുണ്ട്.
വിദ്യാഭ്യാസം, വായന, യാത്രകള്‍, പ്രണയം, നവ മാധ്യമങ്ങള്‍, ഫാന്‍സ്, മതം, രാഷ്‍ട്രീയം,മനുഷ്യത്വം...തുടങ്ങി നിരവധി വിഷയങ്ങളാണ് തന്റെ ആദ്യ പുസ്തകത്തില്‍ ടൊവിനോ കുറിപ്പുകളായി അവതരിപ്പിക്കുന്നത്.
'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' ഇന്‍സൈറ്റ് പബ്ലിക്കയാണ് പുറത്തിറക്കുന്നത്. ഇങ്ങനെയൊരു പുസ്തകത്തിലൂടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കു വെക്കാന്‍ തന്നെ പ്രാപ്തനാക്കിയ പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്കാണ് ടൊവിനോ തന്റെ ആദ്യ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ' താമസിയാതെ വിപണിയിലെത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ