റിലീസിന് ദിവസങ്ങള്‍ ശേഷിക്കെ വിജയ്‌യുടെ 'സര്‍ക്കാര്‍' കോപ്പിയടി വിവാദത്തില്‍

By Web TeamFirst Published Oct 27, 2018, 6:34 PM IST
Highlights

കോപ്പിയടി ആരോപണങ്ങള്‍ മുരുഗദോസിനെതിരേ ഉയരുന്നത് ഇത് ആദ്യമല്ല. മുന്‍പ് ഗജിനി, കത്തി എന്നീ ചിത്രങ്ങള്‍ സമാനമായ ആരോപണങ്ങള്‍ നേരിട്ടിരുന്നു.
 

വിജയ്‌യുടെ ദീപാവലി റിലീസ് 'സര്‍ക്കാര്‍' കോപ്പിയടി വിവാദത്തില്‍. റിലീസിന് പത്ത് ദിനങ്ങള്‍ മാത്രം ശേഷിക്കെ തമിഴ് ചലച്ചിത്രലോകവും പ്രേക്ഷകരും ഏറ്റവും ചര്‍ച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ് ഇത്. തിരക്കഥാകൃത്തും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രനാണ് സര്‍ക്കാര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരേ ആരോപണവുമായി എത്തിയത്. താന്‍ രചന നിര്‍വ്വഹിച്ച് 2007ല്‍ പുറത്തെത്തിയ 'സെങ്കോല്‍' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് മുരുഗദോസ് 'സര്‍ക്കാര്‍' സംവിധാനം ചെയ്തത് എന്നായിരുന്നു വരുണ്‍ രാജേന്ദ്രന്റെ ആരോപണം. 'സര്‍ക്കാര്‍' നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച വരുണ്‍ സെങ്കോലിന്റെ കഥ 2007ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അവകാശപ്പെട്ടു.

ഇപ്പോഴിതാ വരുണിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് റൈറ്റേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാരിന്റെ കഥയ്ക്ക് സെങ്കോലിന്റെ തിരക്കഥയുമായി സാമ്യമുണ്ടെന്നാണ് അസോസിയേഷന്റെ കണ്ടെത്തല്‍. വരുണ്‍ അവകാശപ്പെട്ടതുപോലെ സെങ്കോലിന്റെ കഥ 2007ല്‍ തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് കെ.ഭാഗ്യരാജ് ഒപ്പിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി 30ന് പരിഗണിക്കും. 

South Indian Film Writers Association Press Note About Movie Issues. pic.twitter.com/Ao685F1T7A

— Cinema Trackers (@CineTrackers)

എന്നാല്‍ കോപ്പിയടി ആരോപണങ്ങള്‍ മുരുഗദോസിനെതിരേ ഉയരുന്നത് ഇത് ആദ്യമല്ല. മുന്‍പ് ഗജിനി, കത്തി എന്നീ ചിത്രങ്ങള്‍ സമാനമായ ആരോപണങ്ങള്‍ നേരിട്ടിരുന്നു. സൂര്യ നായകനായ ഒറിജിനല്‍ ഗജിനിയുടെ റീമേക്ക് മുരുഗദോസ് തന്നെ 2008ല്‍ ആമിര്‍ ഖാനെ നായകനാക്കി ഒരുക്കിയപ്പോളായിരുന്നു ആരോപണം. ചിത്രത്തിന്റെ പ്ലോട്ട് ക്രിസ്റ്റഫര്‍ നോളന്റെ മെമെന്റോയില്‍ നിന്ന് എടുത്തതാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ആമിര്‍ ഖാന്‍ തന്നെ ആരോപണം തെറ്റാണെന്ന വിശദീകരണവുമായി അന്ന് രംഗത്തെത്തി. 2014ല്‍ വിജയ് തന്നെ നായകനായി പുറത്തെത്തിയ 'കത്തി'യുടെ സമയത്തായിരുന്നു മറ്റൊരു ആരോപണം. 'കത്തി'യുടെ കഥ തന്റേതാണെന്ന് ആരോപിച്ച് തമിഴ് സംവിധായകന്‍ ഗോപി നയ്‌നാരാണ് (പിന്നീട് അറം സംവിധാനം ചെയ്തു) അന്ന് രംഗത്തെത്തിയത്.

click me!