
അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത മേക്കോവറുകള്‍ നല്‍കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത അഭിനേതാവാണ് വിക്രം. ഷങ്കറിന്റെ 'ഐ'യിലെ ലീ എന്ന ഇന്റര്‍നാഷണല്‍ മോഡലാകുവാന്‍ അദ്ദേഹം ശരീരഭാരം വര്‍ധിപ്പിക്കുകയും ചിത്രത്തിലെ രണ്ടാം ഗെറ്റപ്പിനുവേണ്ടി 20 കിലോയോളം കുറയ്ക്കുകയും ചെയ്തിരുന്നു. 'എന്ന് നിന്റെ മൊയ്തീന്' ശേഷം ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'മഹാവീര്‍ കര്‍ണ'യ്ക്ക് വേണ്ടിയാണ് വിക്രത്തിന്റെ പുതിയ മേക്കോവര്‍.
മഹാഭാരത പശ്ചാത്തലത്തില്‍ 300 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായകകഥാപാത്രത്തിനുവേണ്ടി ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള പരിശീലനങ്ങളിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. ഇതിനായി ആഹാരക്രമത്തില്‍ വ്യത്യാസം വരുത്തിയിട്ടുള്ള അദ്ദേഹം പ്രത്യേകപരിശീലകരുടെ ശിക്ഷണത്തില്‍ വര്‍ക്കൗട്ടും ആരംഭിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
2019 ഡിസംബറില്‍ തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ചേക്കും. വിഷ്വല്‍ എഫക്ട്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതികവിദഗ്ധര്‍ ഭാഗഭാക്കാവും. പ്രാഥമികമായി ഹിന്ദിയില്‍ തയ്യാറാവുന്ന ചിത്രത്തിന് മലയാളം കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷകളുമുണ്ടാവും. 'സാമി'യുടെ രണ്ടാംഭാഗം 'സാമി സ്‌ക്വയര്‍', ഗൗതം മേനോന്റെ 'ധ്രുവനച്ചത്തിരം' എന്നിവയാണ് വിക്രത്തിന് 'കര്‍ണ'യ്ക്ക് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കേണ്ട ചിത്രങ്ങള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ