
കലാഭവന്‍ മണിയുടെ ജീവിതം സിനിമായാക്കാന്‍ വിനയന്‍. ഫേസ്ബുക്കിലൂടെ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മാറുമറയ്‍ക്കൽ സമരത്തീനു നേതൃത്വം നൽകിയ ചേർത്തലക്കാരി നങ്ങേലിയുടെ ജീവിതവും സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വിനയന്‍ പറയുന്നു. ഹോര്‍ടി കോര്‍പ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം ഫേസ്ബുക്കിലുട്ട പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറയുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള Kerala State Horticultural Products Development Corporation ന്റെ ഹെഡ്ഡോഫീസിൽ വച്ച് ആ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം ഞാൻ ഏ റ്റെടുക്കുകയുണ്ടായി.നിങ്ങളുടെ എല്ലാവരുടെ യും സപ്പോർട്ടും അനുഗ്രഹവും ഈ പുതിയ സംരംഭത്തിലും എനിക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമാ സംവിധായകന് ആ മേഘലയിൽ അല്ലാതെ മറ്റൊന്നിലും പ്രവർത്തിക്കാൻ കഴിവില്ല- അല്ലെങ്കിൽ പ്രവർത്തിച്ചുകൂടാ എന്ന് ചിലരുടെ മനസ്സിലെങ്കിലും കടന്നു കൂടിയിരിക്കുന്ന ചിന്താഗതിയെ ഒന്നു തിരുത്തിക്കുറിക്കുവാൻ കൂടി ഈ സ്ഥാനലബ്ധിക്കു ശേഷമുള്ള പ്രവർത്തനത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നു. ചെറുതും, വലുതുമായ ഏതു സ്ഥാനങ്ങളിൽ നാം എത്തിയാലും നമ്മുടെ പ്രവർത്തനങ്ങളിലൂടെയാണ് ആ സ്ഥാനത്തിന്റെ വലിപ്പവും, മഹത്വവും പ്രകടമാക്കേണ്ടത്. ഹോർട്ടികോർപ്പിന്റെ ഈ ചയർമാൻ സ്ഥാനവും അങ്ങനെ ശ്രദ്ധേയമാക്കാനും ജനോപകാരപ്രദമാക്കാനും എന്നാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കും എന്നുറപ്പുതരുന്നു. ആദ്യമായി ഇങ്ങനൊരു കാര്യം C.P.I യുടെ സംസ്ഥാനക്കമ്മിറ്റി ആഫീസിൽ നിന്ന് വിളിച്ചു പറയുമ്പോൾ ഒരു നിമിഷം ഞാനൊന്നു സംശയിച്ചു നിന്നതാണ്.പക്ഷേ സാംസ്കാരിക മേഖലക്കു പുറത്തുള്ള ഇത്തരം പ്രസ്ഥാനങ്ങളിലും വിനയനു പ്രവർത്തിക്കാൻ കഴിവുണ്ട് എന്ന തോന്നലാണ് C.P.Iയുടെ വകുപ്പിനു കീഴിലുള്ള ഹോർട്ടി കോർപ്പിൻെറ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കാൻ കാരണം എന്ന് ആ പാർട്ടിയുടെ നേതാക്കൾ പറഞ്ഞപ്പോൾ അതെനിക്കു കിട്ടുന്ന ഒരംഗീകാരമായിട്ടെനിക്കു തോന്നി.C.P.I കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.കുറഞ്ഞ ദിവസങ്ങൾ കൊണ്ടു ഞാൻ പഠിച്ചിടത്തോളം ഒത്തിരി പ്രവർത്തിക്കാൻ ഉള്ള ഒരു മേഖലയാണ് ഹോർട്ടി കോർപ്പ് .അതിനേപ്പറ്റി ഇനി ഒരിക്കൽ വിശദമായി എഴുതാം ഏതായാലും ചുരുങ്ങിയപക്ഷം ഒരു തലമുറയെ മുഴുവൻ ക്യാൻസർ എന്ന മഹാരോഗത്തിലേക്കു തള്ളിവിടാൻ പ്രധാന കാരണമാകുന്ന വിഷലിപ്തമായ പച്ചക്കറിയിൽ നിന്നും കേരളജനതയെ മോചിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ വിജയവും പുണ്യവുമായി ഞാൻ കരുതുന്നു. വി എസ് സുനിൽകുമാറിനെപ്പോലെ ഊർജ്ജസ്വലനും ഇഛാശക്തിയുള്ളവനുമായ ഒരു കൃഷി മന്ത്രിയെ നമുക്കു കിട്ടിയത് ഇക്കാര്യത്തിലുള്ള നമ്മുടെ പ്രതീക്ഷകൾക്കു ശക്തിയേകുന്നു.
കുട്ടനാട്ടിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഞാൻ 22ആം വയസ്സിൽ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായി ജോലിയിൽ കയറുമ്പോൾ ഒരിക്കലും ഒരു സിനിമാ സംവിധായകനാകുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല. നാടകരചനയും സംവിധാനവും അഭിനയവും യുവജന പ്രസ്ഥാനത്തിലെ പ്രവർത്തനവും ഒക്കെയായിരുന്നു ജോലി കഴിഞ്ഞാൽ എന്റെ അന്നത്തെ മേഘല. അതിനു ശേഷം സിനിമ എന്റെ ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആയിരുന്നു. ഇപ്പോളിതാ കലയുമായി ബന്ധമൊന്നുമില്ലാത്ത ഹോർട്ടികോർപ്പ് ഏറ്റവും പുതിയ അദ്ധ്യായമാകുന്നു. പക്ഷേ സമൂഹത്തിലെ പ്രഗത്ഭരായ പലരും (ശ്രീ മമ്മൂട്ടിയും, ശ്രീനിവാസനും, മഞ്ജു വാര്യരും, തോമസ് ഐസക്കും, വി എം സുധീരനും ,പി.രാജീവും പോലുള്ളവർ) ജൈവകൃഷിയിലും വിഷരഹിത പച്ചക്കറികൃഷിയിലും ഒക്കെ അങ്ങേ അറ്റം താത്പര്യം പ്രകടിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ എന്ന രീതിയിലുള്ള എന്റെ പ്രവർത്തനത്തിന് അവരുടെ ഒക്കെ സപ്പോർട്ട് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മൂന്നു ഭാഷകളിലായി നാൽപ്പത്തി ഒന്നു സിനിമകൾ സംവിധാനം ചെയ്യുകയും, കുറേ സിനിമകൾ എഴുതുകയും, ആറു സിനിമകൾ നിർമ്മിക്കുകയും, ഒക്കെ ചെയ്ത എന്നെ സംബന്ധിച്ചടുത്തോളം സിനിമാരംഗം സുപരിചിതമാണ്. പക്ഷേ അത്രയൊന്നും പരിചിതമല്ലാത്ത പുതിയ മേഖലയിൽ എന്തെങ്കിലും ചെയ്തു കഴിവു തെളിയിക്കുക എന്നതിൽ ഒരു "ത്രിൽ" ഉണ്ട്.അത് ആസ്വദിച്ചു കൊണ്ടു തന്നെ ഞാൻ പ്രവർത്തിക്കും. എന്നുകരുതി സിനിമ ഒഴിവാക്കിയിട്ടുള്ള ഒരു പ്രവർത്തനമായിരിക്കില്ല. രണ്ടു സിനിമകളുടെ ആലോചന ഇപ്പോൾ നടക്കുന്നു..സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തിന്റെ 19ാം നൂറ്റാണ്ടിൽ, ചാതുർവർണ്ണ്യത്തിൻെറ വിപത്തിലകപ്പെട്ട് സാംസ്കാരികമായി അന്ധകാരപൂർണ്ണമായിരുന്ന ആ കാലഘട്ടത്തിൽ.. മാറുമറയ്കൽ സമരത്തീനു നേതൃത്വം നൽകിയ ചേർത്തലക്കാരി നങ്ങേലിയുടെ കഥ പറയുന്ന ചിത്രമാണ് ഒന്ന്. മറ്റൊന്ന് കേരളത്തിന്റെ കറുത്ത മുത്തായിരുന്ന കലാഭവൻ മണി എന്ന അതുല്യകലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ
സിനിമയാണെങ്കിലും ജനസേവനപരമായ പൊതുപ്രവർത്തനമാണെങ്കിലും - എല്ലായിടത്തും മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നോട്ട് പോകാൻ നിങ്ങളുടെ സഹായവും സപ്പോർട്ടും ഉണ്ടാകണമെന്ന് ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ