കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല; വ്യാജ പ്രചാരണത്തിനെതിരെ വിനീത് ശ്രീനിവാസന്‍

By Web TeamFirst Published Oct 26, 2018, 11:06 AM IST
Highlights

തന്‍റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്ന് വിനീത് ഫേക്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

തലശേരി: തന്‍റെയും അച്ഛന്‍ ശ്രീനിവാസന്‍റെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍. തന്‍റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്ന് വിനീത് ഫേക്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

''അച്ഛന്‍ എനിക്ക് ആദ്യം നല്‍കിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്'' എന്ന് വിനീത് പറഞ്ഞതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കൂടാതെ, ശ്രീനിവാസന്‍ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞു എന്ന രീതിയിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ''കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു'' എന്നാണ് ശ്രീനിവാസന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍.

ഇത്തരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞോ, തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പലരും ചോദിച്ച് തുടങ്ങിയപ്പോഴാണ് വിനീത് പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

കമ്മ്യൂണിസത്തെ പറ്റി പറഞ്ഞുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്. അച്ഛന്‍റെ തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വീതിത് കുറിച്ചു. 

 

click me!