
മലയാള സിനിമയുടെ സകലകലാ വല്ലഭവൻ ശ്രീനിവാസൻ വിടപറഞ്ഞിട്ട് മാസങ്ങളും ദിവസങ്ങളും പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ ഓർമകൾ പേറിയാണ് സഹപ്രവർത്തകരും കുടുംബവും മുന്നോട്ട് പോകുന്നത്. നിലവിൽ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 6ന് ചിത്രം തിയറ്ററിൽ എത്തും. ഈ അവസരത്തിൽ ആശംസയും സിനിമയുടെ ഓർമകളും പങ്കിട്ട് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
ഉദയനാണ് താരത്തിന്റെ സിനിമ എഴുതുമ്പോഴും ചർച്ചകളും നടക്കുമ്പോൾ അച്ഛനൊപ്പം താനുണ്ടായിരുന്നുവെന്ന് പറയുകയാണ് വിനീത്. "അച്ഛൻ തിരക്കഥ എഴുതിയ ഉദയനാണ് താരം എന്ന സിനിമ 21 വർഷം മുൻപാണ് റിലീസ് ചെയ്തത്. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യ സിനിമയാണ്. റോഷൻ ചേട്ടനും അച്ഛനും തമ്മിലുള്ള ആദ്യത്തെ മീറ്റിംഗ് സമയത്ത് ഞാനും ഉണ്ടായിരുന്നു. അച്ഛൻ തിരക്കഥ എഴുതുന്ന സമയത്ത് ഞാനും പലപ്പോഴും ഉണ്ടായിരുന്നു. എനിക്ക് വ്യക്തിപരമായി അറ്റാച്ച്മെന്റുള്ള സിനിമയാണത്. കരളേ..കരളിന്റെ കരളേ.. എന്ന പാട്ടിലൂടെയാണ് ആളുകൾ എന്നെ ഗായകനെന്ന നിലയിൽ ശ്രദ്ധിക്കുന്നത്. 21 വർഷങ്ങൾക്ക് ശേഷം സിനിമ റീ റിലീസ് ചെയ്യുകയാണ്. എല്ലാവരും തിയറ്ററിൽ പോയി സിനിമ കാണണം. സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ പടമാണ്. ഉദയനാണ് താരം ഒരിക്കൽ കൂടി ജനങ്ങൾക്ക് മുന്നിൽ എത്തുന്നുവെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം", എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.
സംവിധായകൻ റോഷൻ ആൻഡ്രൂസും തന്റെ ആദ്യ സിനിമയെ കുറിച്ച് ഓർമ പങ്കിട്ടു. "ശ്രീനി ചേട്ടാ..നിങ്ങൾ കാരണം ഞാൻ ഒരു സിനിമാക്കാരനായി. ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ട ദിവസം വിനീതും അവിടെ ഉണ്ടായിരുന്നു. എൻ്റെ മുറിയിൽ വന്ന് എൻ്റെ കൈ കുലുക്കി, “റോഷനേട്ടാ, ഈ ഐഡിയ കൊള്ളാം. കഥ വളരെ മികച്ചതാണ്”എന്ന് പറഞ്ഞു. ആ ഒരു നിമിഷം എല്ലാം മാറ്റിമറിച്ചു, എൻ്റെ യാത്ര അവിടെ നിന്നും ആരംഭിക്കുകയായിരുന്നു", എന്നാണ് റോഷൻ ആൻഡ്രൂസ് കുറിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ