ഇന്നസെന്‍റിനെതിരെ സിനിമയിലെ വനിതാ സംഘടന

By Web DeskFirst Published Jul 5, 2017, 1:15 PM IST
Highlights

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ ലൈംഗിക പീഡനങ്ങളില്ലെന്ന അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന്‍റെ വാദത്തിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. വാദം തെറ്റാണെന്നും അവസരം ചോദിച്ചെത്തുന്ന പല നടിമാരും പീഡനത്തിന് ഇരയാകുന്നുവെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു . പ്രമുഖ നടിമാർ ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഇന്നസെന്‍റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും വനിതാക്കൂട്ടായ്‍മ ആവശ്യപ്പെട്ടു.

നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങൾ തീർത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു.

click me!