സ്പെഷ്യല്‍ ഷോകളില്‍ 'സര്‍ക്കാരി'നെ മറികടക്കുമോ 'ഒടിയന്‍'? റിലീസിന് 28 ദിവസങ്ങള്‍ ശേഷിക്കെ ഉറപ്പിച്ചത് 320 പ്രത്യേക പ്രദര്‍ശനങ്ങള്‍

By Web TeamFirst Published Nov 16, 2018, 1:59 PM IST
Highlights

അടുത്തിടെ  കേരളത്തില്‍ സ്പെഷ്യല്‍ ഷോകളുടെ എണ്ണത്തില്‍ അമ്പരപ്പിച്ച ചിത്രം വിജയ് നായകനായി ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ സര്‍ക്കാര്‍ ആണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 338 പ്രത്യേക മോര്‍ണിംഗ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ പലയിടങ്ങളിലായി സര്‍ക്കാര്‍ നടത്തിയത്. 

ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തിറങ്ങുക സാധാരണ സൂപ്പര്‍താര തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടുമ്പോഴാണ്. വിജയ്, അജിത്ത്, രജനീകാന്ത് എന്നിവരുടെ സിനിമകള്‍ക്കെല്ലാം റിലീസ് ദിനത്തില്‍ നൂറുകണക്കിന് പ്രത്യേത പ്രദര്‍ശനങ്ങള്‍ നടക്കാറുണ്ട് കേരളത്തില്‍. സാധാരണ പ്രദര്‍ശന സമയത്തിനേക്കാള്‍ നേരത്തേ ആരാധകര്‍ ബള്‍ക് ബുക്കിംഗ് നടത്തിയാണ് തീയേറ്ററുകളുമായി ചേര്‍ന്ന് ഇത്തരം സ്പെഷ്യല്‍ ഷോകള്‍ നടത്താറ്. അടുത്തിടെ  കേരളത്തില്‍ റിലീസ്ദിന സ്പെഷ്യല്‍ ഷോകളുടെ എണ്ണത്തില്‍ അമ്പരപ്പിച്ച ചിത്രം വിജയ് നായകനായി ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ സര്‍ക്കാര്‍ ആണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 338 പ്രത്യേക പ്രദര്‍ശനങ്ങളാണ് കേരളത്തില്‍ പലയിടങ്ങളിലായി സര്‍ക്കാര്‍ നടത്തിയത്. ഇതില്‍ 278 എണ്ണം ആരാധകര്‍ സംഘടിപ്പിതും അവശേഷിക്കുന്നവ തീയേറ്ററുകാര്‍ നടത്തിയതുമാണെന്ന് അറിയുന്നു. എന്നാല്‍ ഒരു സൂപ്പര്‍താര മലയാളചിത്രം റിലീസ് ദിനത്തില്‍ സ്പെഷ്യല്‍ ഷോകളുടെ ഈ കണക്ക് മറികടന്നേക്കും.

മോഹന്‍ലാല്‍ നായകനാവുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയനാണ് ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ അമ്പരപ്പിക്കാന്‍ ഒരുങ്ങുന്നത്. റിലീസിന് ഒരു മാസത്തോളം സമയം ശേഷിക്കെ 320 ഫാന്‍സ് ഷോകളാണ് ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാലാഴ്ച ഇനിയും ശേഷിക്കുന്നതിനാല്‍ പ്രത്യേക പ്രദര്‍ശനങ്ങളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഉറപ്പാണ്.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

click me!