വിജയ്‌യും വരുമോ രാഷ്ട്രീയത്തിലേക്ക്? 'സര്‍ക്കാര്‍' പറയുന്നതെന്ത്?

By Web TeamFirst Published Nov 6, 2018, 2:16 PM IST
Highlights

വോട്ടിന് വേണ്ടി പലവിധസമ്മാനങ്ങളും പണവുമൊക്കെ ഇറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പ്രത്യക്ഷത്തില്‍ത്തന്നെ കളിയാക്കുന്നുണ്ട് സിനിമ. റിലീസിന് മുന്‍പ് പ്രതീക്ഷിക്കപ്പെട്ടതുപോലെയും പ്രചരിച്ചതുപോലെയും വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സിനിമയില്‍ എന്തെങ്കിലും? 

തമിഴ് സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്‍പെന്നത്തേക്കാള്‍ സജീവമാണ് ഇപ്പോള്‍. കമല്‍ഹാസന്‍ 'മക്കള്‍ നീതി മയ്യം' എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. രജനി തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വ്യക്തമായൊന്നും പറയാതെ, എന്നാല്‍ ഓരോ പൊതുവേദിയിലും രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തുന്നു. ആരാധകരോട് സ്ഥിരമായി ഇക്കാര്യങ്ങളില്‍ ആശയവിനിമയം നടത്തിവരുന്നു. 'സര്‍ക്കാര്‍' എന്ന് മുരുഗദോസ് പുതിയ ചിത്രത്തിന് പേരിട്ടത് മുതല്‍ വിജയ്‌യും താരങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യ ചര്‍ച്ചകളിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.

മിക്കപ്പോഴും ഒറ്റനായകനില്‍ അഭയം തേടേണ്ടിവരുന്ന സമൂഹമാണ് വിജയ് ചിത്രങ്ങളിലേതെങ്കിലും വിഷയങ്ങളില്‍ രാഷ്ട്രീയം ഇളയദളപതി ചിത്രങ്ങളില്‍ ഒരു തുടര്‍ച്ചയായിരുന്നു. 'സര്‍ക്കാര്‍' എന്ന പേരിലെത്തുന്ന എ ആര്‍ മുരുഗദോസ് ചിത്രം സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചാണ്. യുഎസ് ആസ്ഥാനമായ പ്രശസ്ത ഐടി കമ്പനിയുടെ സിഇഒ ആയ സുന്ദര്‍ രാമസാമി എന്ന വിജയ് കഥാപാത്രം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായാണ് വിദേശത്തുനിന്ന് എത്തുന്നത്. എന്നാല്‍ തന്റെ പേരില്‍ ആരോ കള്ളവോട്ട് ചെയ്തുവെന്ന വിവരമാണ് ബൂത്തില്‍ അയാളെ കാത്തിരിക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരേ കോടതിയെ സമീപിക്കുന്ന അയാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ബദല്‍ സാധ്യതകള്‍ അന്വേഷിക്കുന്നതാണ് സിനിമയുടെ പ്ലോട്ട്.

വോട്ടിന് വേണ്ടി പലവിധസമ്മാനങ്ങളും പണവുമൊക്കെ ഇറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പ്രത്യക്ഷത്തില്‍ത്തന്നെ കളിയാക്കുന്നുണ്ട് സിനിമ. തിരുനെല്‍വേലി കളക്ടറേറ്റില്‍ പരാതി നല്‍കാനെത്തിയ കുടുംബം അവിടെവച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രചോദനമുള്‍ക്കൊണ്ട ഒരു എപ്പിസോഡ് സിനിമയിലുണ്ട്. അത്തരത്തില്‍ ഏറിയോ കുറഞ്ഞോ പലതരം റെഫറന്‍സുകള്‍ കടന്നുവരുന്നുണ്ട്. റിലീസിന് മുന്‍പ് പ്രതീക്ഷിക്കപ്പെട്ടതുപോലെയും പ്രചരിച്ചതുപോലെയും വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സിനിമയില്‍ എന്തെങ്കിലും? 

അധികാരക്കസേരകളിലേക്കൊന്നും താനില്ലെന്നാണ് സിനിമയില്‍ വിജയ് കഥാപാത്രം ആത്യന്തികമായി എടുക്കുന്ന നിലപാട്. എന്നാല്‍ അതിനര്‍ഥം രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ലെന്നും 'സുന്ദര്‍ രാമസാമി' നിലപാടിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രതിപക്ഷത്തിരിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് സര്‍ക്കാരിലെ നായകന്‍ പറഞ്ഞുവെക്കുന്നത്. നായകകഥാപാത്രം പറയുന്നത് സൂപ്പര്‍താരത്തിന്റെ നിലപാടാണോ എന്ന ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ വരുംദിനങ്ങളില്‍ ആരംഭിച്ചേക്കാം.

click me!