മലയാളത്തിന്റെ ഗന്ധർവ്വനാദത്തിന് 55 ന്റെ ചെറുപ്പം

By Web DeskFirst Published Nov 13, 2016, 6:02 PM IST
Highlights

മലയാളത്തിന്റെ ഗന്ധർവ്വനാദത്തിന്  55 ന്റെ ചെറുപ്പം. യേശുദാസ് എന്ന ഗായകന്റെ ശബ്ദം മലയാളികൾ കേട്ടുതുടങ്ങിയിട്ട് 55 വർഷങ്ങൾ തികയുകയാണ്.

ബോളിവുഡിലെ വിഖ്യാതസംഗീതസംവിധായകൻ രവീന്ദ്ര ജെയ്ൻ ഒരിക്കൽ പറഞ്ഞു. എന്റെ കണ്ണുകൾക്ക് കാഴ്ച കിട്ടിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്ന മുഖം യേശുദാസിന്റെതാണ്. ഗന്ധർവ്വനാദത്തെ നാം ഹൃദയത്തിലേറ്റിയിട്ട് 55 വർഷങ്ങൾ. ഈ മധുരശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല നമ്മുടെ ജീവിതത്തിൽ.

ഫോർട്ട് കൊച്ചിയിൽ ജനിച്ച കട്ടാശേരി ജോസഫ് യേശുദാസിന് സംഗീതവഴിയിൽ കരുത്തേകിയത് അച്ഛൻ അഗസ്റ്റിൻ ജോസഫ്.  കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിലും സംഗീതത്തിൽ മനസ്സർപ്പിച്ച് യേശുദാസ് മുന്നോട്ടുപോയി.

പന്ത്രണ്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ച് നാട്ടുകാരുടെ പ്രിയപ്പെട്ട ദാസപ്പനായി.

സിനിമയിലെത്തും മുന്പ് തഴയപ്പെട്ട അവസരങ്ങൾ നിരവധി.

നിലവാരമില്ലെന്ന് പറഞ്ഞ് ഒരിക്കൽ അവസരം നിഷേധിച്ചെങ്കിലും , വെള്ളിത്തിരയിൽ കാൽ വയ്ക്കാൻ യേശുദാസിന് ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല. 1961 നവംബർ 14നാണ്‌ അത് സംഭവിച്ചത്.
കാൽപ്പാടുകളിലെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി കൊണ്ട് യേശുദാസിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രം. മലയാളത്തിന്റെ സുകൃതമായി ആ ശബ്ദം.

എണ്ണിപ്പറയാനോ എടുത്തുപറയാനോ പറ്റില്ല. ഓരോ പാട്ട് കേൾക്കുന്പോഴും ഗൃഹാതുരത്വത്തിന്റെ ഒരായിരം സ്മരണകൾ തേടിയെത്തും. പ്രണയവും വിരഹവും ഹൃദയവേദനയുമെല്ലാം ഒരു കാലഘട്ടത്തിൽ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ അറിഞ്ഞത്.  അഞ്ചു പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി എണ്ണമറ്റഗാനങ്ങൾ. മലയാളികൾക്കൊപ്പം തമിഴകവും ബോളിവുഡുമെല്ലാം യേശുദാസിനെ നെഞ്ചേറ്റി.ഭക്തിഗാനങ്ങൾക്കും യേശുദാസിന്റെ ശബ്ദമില്ലാതെ വയ്യെന്നായി. അടങ്ങാത്ത കൃഷ്ണ ഭക്തിയിൽ യേശുദാസ് ആലപിച്ച ഗാനങ്ങൾ എന്നും ക്ഷേത്രങ്ങളിൽ മുഴങ്ങുന്നുണ്ടെങ്കിലും മതത്തിന്റെ പേരിൽ ഗുരുവായൂരപ്പനെ കാണാൻ ഇനിയും യേശുദാസിന് അനുവാദം കിട്ടിയിട്ടില്ല. ശബരിമല സന്ദർശനവും മൂകാംബിക സന്ദർശനവും മുടക്കാറില്ല. ഇന്നും അയ്യപ്പൻ ഉറങ്ങുന്നത് ഗാനഗന്ധർവന്റെ ശബ്ദം കേട്ടുതന്നെ. ക്രിസ്തീയ ഭക്തി ഗാനങ്ങളിലും ഈ ശബ്ദം നിറഞ്ഞൊഴുകി. പദ്മ പുരസ്കാരങ്ങളും  ദേശീയസംസ്ഥാനസർക്കാരുകളുടെ ബഹുമതികളും അടക്കം നിരവധി അംഗീകാരങ്ങൾ.. എഴുപത്തിയാറാം വയസ്സിലും ഈ ശബ്ദത്തെ മലയാളികൾ ആരാധിക്കുന്നു.

click me!