
ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയില്‍ സ്ഫോടക വസ്തു നല്‍കി ക്രൂരത കാണിച്ചുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനമെന്താണ്? പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ആനയ്ക്ക് തീറ്റയായി സ്ഫോടക വസ്തു ഒളിപ്പിച്ച് കൈതച്ചക്ക നാട്ടുകാര്‍ നല്‍കിയതാണെന്ന രീതിയിലാണ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തിന് ഇത്തരം മാനങ്ങള്‍ നല്‍കി പ്രതികരിക്കുന്നത്.
പ്രചാരണം
ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ഭക്ഷണത്തിലൊളിപ്പിച്ച് സ്ഫോടക വസ്തു നല്‍കി മനുഷ്യന്‍റെ ക്രൂരത. കേരളത്തില്‍ ആനകളെ പടക്കം വച്ച് കൊല്ലുകയാണെന്നും കേരളീയരുടെ ക്രൂരത നിര്‍ത്തണമെന്നും വിവിധ പ്രചാരണങ്ങള്‍ അവകാശപ്പെടുന്നു. വിഷം കൊടുത്ത് നാനൂറോളം പക്ഷികളേയും നായ്ക്കളേയും കൊന്ന ആളുകള്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും. ഗര്‍ഭിണിയായ ആനയ്ക്ക് മധുരത്തിനുള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച് കൊലപ്പെടുത്തി.
വസ്തുത
വനാതിര്‍ത്തിയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ സംഭവത്തേക്കുറിച്ച് വ്യക്തമാക്കി. കൈതച്ചക്കയിലുണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതോടെ കാട്ടാന പാലക്കാട് ജില്ലയിലെ വെള്ളിയാര്‍ നദിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
വസ്തുതാ പരിശോധന രീതി
സംഭവത്തെക്കുറിച്ച് ചാനലുകളില്‍ പോയ റിപ്പോര്‍ട്ട്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ജീവനക്കാരുടെ റിപ്പോര്‍ട്ട്.
പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം
മേൽത്താടി തകർന്ന് വേദനകൊണ്ട് പിടഞ്ഞ് അവൾ; നൊമ്പരമായി പിടിയാനയുടെ മരണം
നിഗമനം
ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ഭക്ഷണത്തില്‍ സ്ഫോടകവസ്തു ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണ്. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ ആരോ കെണിയായി വെച്ച സ്‌ഫോടകവസ്തു കാട്ടാന ഭക്ഷിക്കുകയായിരുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.