ചിത്രത്തില്‍ മീരാ നായരുടെ കയ്യിലുള്ളത് അവരുടെ മകനും ഇപ്പോള്‍ ന്യൂയോര്‍ക്ക് മേയറുമായ സൊഹ്‌റാന്‍ മംദാനിയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. എപ്‌സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങളുടെ വസ്‌തുത ഫാക്‌ട് ചെക്ക് ചെയ്യുന്നു.

അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അനേകം രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ടിരുന്നു. നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി അനേകം ഉന്നതരുടെ പേരുകളും ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ പുറത്തുവന്ന എപ്‌സ്റ്റീന്‍ ഫയലുകളിലുണ്ട്. എപ്‌സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ട് എന്ന വാര്‍ത്തകള്‍ വന്ന മറ്റൊരാള്‍ ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായിക മീരാ നായരാണ്. ജെഫ്രി എപ്‌സ്റ്റീനും ബില്‍ ക്ലിന്‍റണുമൊപ്പം മീരാ നായര്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ ഈ ചിത്രങ്ങളുടെ വസ്‌തുത മറ്റൊന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രചാരണം

ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീരാ നായര്‍ ഏതോ പരിപാടിയില്‍ ജെഫ്രി എപ്‌സ്റ്റീനും ബില്‍ ക്ലിന്‍റണുമൊപ്പം നില്‍ക്കുന്നതാണ് ഒരു ഫോട്ടോ. ചിത്രത്തില്‍ മീരാ നായര്‍ക്കൊപ്പമുള്ള കൈക്കുഞ്ഞ് അവരുടെ മകനും ഇപ്പോള്‍ ന്യൂയോര്‍ക്ക് മേയറുമായ സൊഹ്‌റാന്‍ മംദാനിയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. മീരാ നായരും കൗമാരക്കാരനായ മംദാനിയും, ജെഫ്രി എപ്‌സ്റ്റീനും ബില്‍ ക്ലിന്‍റണും ബില്‍ ഗേറ്റ്‌സിനും ജെഫ് ബെസോസിനുമൊപ്പം നില്‍ക്കുന്നതാണ് രണ്ടാമത്തെ ചിത്രം.

വസ്‌തുത

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഇരു ഫോട്ടോകളും സൂക്ഷ്‌മമായി നോക്കിയാല്‍ 'DFF' എന്നൊരു വാട്ടര്‍‌മാര്‍ക് കാണാം. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ DFF (@DumbFckFinder) എന്നൊരു എക്‌സ് അക്കൗണ്ട് കണ്ടെത്താനായി. ഇതൊരു പാരഡി അക്കൗണ്ടാണെന്നും എഐ നിര്‍മ്മിത ദൃശ്യങ്ങളും മീമുകളും പങ്കുവെക്കുന്ന അക്കൗണ്ടാണെന്നും എക്‌സിലെ വിവരണത്തില്‍ ഡിഎഫ്എഫ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വൈറലായ രണ്ട് ചിത്രങ്ങളും DFF എന്ന എക്‌സ് ഹാന്‍ഡിലില്‍ കാണാം. പ്രചരിക്കുന്ന പോസ്റ്റുകള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. മാത്രമല്ല ഈ ഫോട്ടോകള്‍ക്ക് താഴെ, ഇവ എഐ സൃഷ്‌ടിയാണെന്ന് വായനക്കാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ രണ്ട് ഫോട്ടോകളില്‍ ഒതുങ്ങിന്നില്ല, ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് മറ്റനേകം എഐ ചിത്രങ്ങളും DFF എന്ന എക്‌സ് ഹാന്‍ഡിലില്‍ കാണാം.

Scroll to load tweet…

Scroll to load tweet…

നിഗമനം

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായിക മീരാ നായര്‍ പോസ് ചെയ്‌തിരുന്നു എന്ന അവകാശവാദത്തോടെയുള്ള ഫോട്ടോകള്‍ വ്യാജവും എഐ സൃഷ്‌ടിയുമാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്