ഇത് ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ ദൃശ്യങ്ങളോ? ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

By Web TeamFirst Published Dec 8, 2019, 10:33 PM IST
Highlights

ഹൈദരാബാദ് ദിശ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന്‍റേതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ വാസ്തവമെന്താണ്?

തിരുവനന്തപുരം: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളെയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഡിസംബര്‍ ആറിന് നടന്ന സംഭവത്തിന്‍റേതെന്ന രീതിയില്‍ പുറത്തുവന്ന ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വാദം. ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമൊട്ടാകെ നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ദിശ കേസില്‍ കൊല്ലപ്പെട്ട പ്രതികളുടേതായി പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ?

'എല്ലാ ദിവസവും പീഡനം, കൂട്ടബലാത്സംഗം, കൊലപാതകം, എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാം അറിയാറുണ്ട്. എന്നാല്‍ ഏറ്റവും നല്ല ഒരു വാര്‍ത്തയുമായാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. എല്ലാ പൊലീസുകാരും ബഹുമതിക്ക് അര്‍ഹരാണ്...' എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെക്കപ്പെട്ടത്. നിരവധി ട്വിറ്റര്‍, ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. 

എന്നാല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ സത്യം മറ്റൊന്നാണ്. 2015 ല്‍ ആന്ധ്രാപ്രദേശിലെ ശേഷാചലം കാടുകളില്‍ നിന്ന് രക്തചന്ദനം മുറിച്ച് കടത്തിയ തമിഴ്നാട് സ്വദേശികളായ 20 പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന്‍റെ ചിത്രങ്ങളാണിത്. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കല്ലുകളും മറ്റും പൊലീസിന് നേരെയെറിഞ്ഞ ഇവരെ പൊലീസ് ഏറ്റമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. 

ഈ ചിത്രം ഗൂഗിളില്‍ തെരഞ്ഞാല്‍ 2015 ല്‍ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ആന്ധ്രാ ഏറ്റുമുട്ടലിന്‍റെ വാര്‍ത്ത ലഭിക്കും. ഇതേ ചിത്രം തന്നെയാണ് ആ വാര്‍ത്തകളിലും കാണാന്‍ സാധിക്കുക. ചുരുക്കത്തില്‍ പഴയ ഒരു ഏറ്റുമുട്ടലിന്‍റെ ചിത്രം കൃത്യമായ സ്ഥിരീകരണങ്ങള്‍ ഇല്ലാതെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും മാധ്യമങ്ങളും ഉള്‍പ്പെടെ പങ്കുവെക്കുകയായിരുന്നു.  

click me!