ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഖമനെയിയുടെ മൃതദേഹം കിടക്കുന്നതായി കാണിക്കുന്ന ഈ ചിത്രം വ്യാജവും എഐ നിർമ്മിതവുമാണ്.
ഇസ്രയേലും യുഎസും ചേർന്ന് കൊലപ്പെടുത്തിയ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ അവസാന ചിത്രം എന്ന പേരിലൊരു ഫോട്ടോ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ചലനമറ്റ് കിടക്കുന്നതാണ് ഫോട്ടോ. തകർന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന രക്ഷാപ്രവർത്തകരെയും ചിത്രത്തില്‍ കാണാം. മരണപ്പെട്ടതായി ഫോട്ടോയില്‍ കാണുന്നത് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി തന്നെയോ? വസ്തുത ഫാക്ട് ചെക്കിലൂടെ പരിശോധിക്കാം.
പ്രചാരണം
ഇസ്രയേല്‍-യു.എസ് സഖ്യത്തിന്‍റെ ബോംബ് വർഷത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനെയിയുടെ ചിത്രം എന്ന അവകാശവാദത്തോടെയാണ് നിരവധി പേർ ഈ ഫോട്ടോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. എക്സില്‍ ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേർക്കുന്നു.

വസ്തുത
ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷമുള്ള ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജവും എഐ നിർമ്മിതവുമാണ്. രാജ്യാന്തര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൂഗിളിന്‍റെ സിന്ത്ഐഡി ടൂള്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഗൂഗിളിന്‍റെ വിവിധ എഐ മോഡലുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കോണ്ടന്‍റുകളില്‍ (ഇമേജ്, ഓഡിയോ, വീഡിയോ, ടെക്സ്റ്റ്) ഒളിഞ്ഞിരിക്കുന്ന രഹസ്യ അടയാളമായ സിന്ത്ഐഡി ഈ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായി. ഗൂഗിളിന്‍റെ ഏതോ എഐ ടൂള്‍ ഉപയോഗിച്ചാണ് ആയത്തുള്ള അലി ഖമനെയിയുടെ ഈ എഐ ഇമേജ് തയ്യാറാക്കിയിരിക്കുന്നത് എന്ന നിഗമനത്തിലെത്താം.

ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 28) ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ റെവല്യൂഷണറി ഗാർഡ് മേധാവി ഉൾപ്പെടെ ഇറാന്‍റെ 40-ഓളം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. പരമോന്നത നേതാവിനെ നഷ്ടമായതോടെ പിന്നാലെ പശ്ചിമേഷ്യയില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കുകയാണ്.



