
ദില്ലി: പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തിലെത്തുമ്പോള്‍ രാജ്യവ്യാപകമായി, പ്രത്യേകിച്ച് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നു എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിന് പിന്നാലെ ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ എത്തുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നിരവധി ആളുകള്‍ അതിര്‍ത്തി കടക്കുന്നതായി 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അനധികൃതമായി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു എന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ Bhanga Today എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചത്.
എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള വീഡിയോ അല്ല ഇത്. 2019 ജനുവരി മുതല്‍ ഈ വീഡിയോ സൈബര്‍ ലോകത്ത് പ്രചരിക്കുന്നതായി ദേശീയ മാധ്യമമായ 'ബൂം' റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദി ഓണ്‍ലൈന്‍ വെബ്സൈറ്റ് 'ഇന്ത്യന്‍ നേഷന്‍' 2019 ജനുവരി 22 ന് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്നതില്‍ വ്യക്തതയില്ല. ഏതെങ്കിലും പ്രത്യേക മതവിഭാഗമാണ് അതിര്‍ത്തി കടക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുമില്ല. എന്തായാലും പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തില്‍ എത്തിയതിന് ശേഷമുള്ള വീഡിയോ അല്ല ഇത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ ഒന്ന് മാത്രമാണ്.
https://www.facebook.com/2173567726004929/videos/1104764063206977/
(വീഡിയോ വ്യജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഇത് നീക്കം ചെയ്തിട്ടുണ്ട്)
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.