ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 35-കാരന്റെ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

ദില്ലി: ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവാണ്, ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്കിന്‍റെ എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ ഡോ. റിച്ചാര്‍ഡ് എന്ന യൂസറുടെ എക്‌സ് പോസ്റ്റ്. പക്ഷിപ്പനി ലക്ഷണങ്ങളുള്ള ആള്‍ ഒരു ലാബ് അസിസ്റ്റന്‍റാണ് എന്നും H5N1 പോസിറ്റീവായ ചിക്കന്‍ സാംപിള്‍ ഒരു ലാബില്‍ നിന്ന് മറ്റൊരു ലാബിലേക്ക് മാറ്റിയത് ഇദേഹമാണെന്നും പിന്നാലെ ഡോ. റിച്ചാര്‍ഡ് റീ-ട്വീറ്റ് ചെയ്‌തു. എന്നാല്‍ ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും, രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 35-കാരന്‍റെ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.

Scroll to load tweet…

പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്.
  • മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.
  • പൊതുജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.

പക്ഷികളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ

  • കൂട്ടമായി തൂവൽ കൊഴിയുക.
  • മുട്ട ഇടുന്നത് കുറയുക / കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക.
  • തീറ്റയെടുക്കാൻ മടിക്കുക, മന്ദത.
  • പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം.
  • വയറിളക്കം, തലയും കണ്ണിന് ചുറ്റും നീർകെട്ട്.
  • ശ്വാസതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്.
  • രോഗം മൂർഛിച്ചാൽ പക്ഷി ചത്തു പോകാം.

രോഗം പകരുന്ന രീതി

  • രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നു.
  • വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം.
  • ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

പക്ഷിപ്പനി രോഗലക്ഷണങ്ങൾ (മനുഷ്യരിൽ)

  1. പനി

2. ചുമ

3. ശ്വാസതടസ്സം

4. തൊണ്ടവേദന

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനത്തെ ഉടൻ സമീപിക്കുക.