Latest Videos

തായ്‌ലന്‍ഡിലെ 399 വയസുള്ള സന്യാസി, വീഡിയോ കണ്ടാല്‍ ആരും തലയില്‍ കൈവെക്കും! ഇനി സംശയം വേണ്ട

By Web TeamFirst Published Oct 13, 2023, 12:42 PM IST
Highlights

399 വയസുള്ളയാളുടെ എന്നവകാശപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കാണാം

ഒരു മനുഷ്യന് പരമാവധി എത്ര വയസ് വരെ ജീവിച്ചിരിക്കാനാകും. 100 വയസ് തികയുന്നത് വരെ വലിയ അത്ഭുതമായിരിക്കുന്ന ലോകത്ത് 399 വയസുള്ള ഒരാള്‍ ജീവിച്ചിരിപ്പുണ്ടോ. 399 വയസ്, അതായത് ഒരു വര്‍ഷം കൂടി ജീവിച്ചാല്‍ ഇദേഹത്തിന് 400 വയസ് പൂര്‍ത്തിയാകും. പ്രായം കേള്‍ക്കുമ്പോള്‍ തന്നെ തലയില്‍ കൈവെച്ച് പോകുമെന്നിരിക്കേ, 399 വയസുള്ളയാളുടെ ദൃശ്യങ്ങള്‍ എന്നവകാശപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. സന്യാസിയുടെ വേഷത്തിലുള്ള ഇദേഹത്തിന് പ്രായം 399 തന്നെയോ? അവിശ്വസനീയമായ ഈ പ്രചാരണത്തിന്‍റെ വസ്‌തുത മനസിലാക്കാം. 

പ്രചാരണം 

തായ്‌ലന്‍ഡില്‍ നിന്നുള്ള 399 വയസുള്ളയാള്‍ എന്ന എഴുത്തോടെ ഈ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്‌തത്. ഏറെ പ്രായം തോന്നിക്കുന്ന, സന്യാസി വേഷത്തിലുള്ള ആള്‍ ഒരു കൂട്ടിയുടെ തലയില്‍ എന്തോ മന്ത്രിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇതിനകം 17 ലക്ഷത്തിലധികം ലൈക്ക് ഈ വീഡിയോയ്ക്ക് ലഭിച്ചു. 

റീല്‍സിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത 

എന്നാല്‍ വീഡിയോയില്‍ കാണുന്ന സന്യാസിക്ക് 111 വയസേ ഇപ്പോള്‍ പ്രായമുണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായത്. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ ലഭിച്ച ഫലങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. 

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന റീല്‍സ് മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. 199 ഓ 200 വയസുള്ള സ്ത്രീയാണിത് എന്ന വാദത്തോടെ 2022 സെപ്റ്റംബര്‍ 23ന് വീഡിയോ ഒരാള്‍ ട്വീറ്റ് ചെയ്‌തിരുന്നതായി കാണാം. ഇവര്‍ ഹിമാലയന്‍ സന്യാസിയാണെന്ന വാദവും മുമ്പുണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് പല പ്രായം രേഖപ്പെടുത്തിയും സമാന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ മുമ്പ് തലതവണ എത്തിയിരുന്നു. ന്യൂസ‌്‌ഫ്ലെയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം 2022 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ചു. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് തായ്‌ലന്‍ഡില്‍ 1912ലാണ് ഈ ബുദ്ധസന്യാസി ജനിച്ചത് എന്നാണ്. അതായത് 2023ലെ പ്രായം 111 വയസ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം വ്യക്തമല്ല. 

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

399 വയസുള്ള സന്യാസിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയിലെ കാര്യങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. 2022ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ പറയുന്നത് അന്ന് ഈ സന്യാസിക്ക് 109 വയസായിരുന്നു പ്രായം എന്നാണ്. 399 വയസ് പ്രായമുള്ള ആരെങ്കിലും ലോകത്ത് ജീവിച്ചിരിപ്പുള്ളതായി ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല എന്നതും വ്യാജ പ്രചാരണത്തിന്‍റെ സത്യം തുറന്നുകാട്ടുന്നു. 

Read more: ഹമാസ് വീണ്ടും വ്യോമാക്രമണം തുടങ്ങിയെന്ന് എക്‌സില്‍ പ്രചാരണം; ദൃശ്യങ്ങള്‍ വീഡിയോ ഗെയിമിലേത്...Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!