ഗാസയിലെ സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു, ബഞ്ചുകളില്‍ ഓര്‍മ്മപ്പൂക്കള്‍; പക്ഷേ... Fact Check

Published : Nov 12, 2023, 10:32 AM ISTUpdated : Nov 12, 2023, 10:38 AM IST
ഗാസയിലെ സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു, ബഞ്ചുകളില്‍ ഓര്‍മ്മപ്പൂക്കള്‍; പക്ഷേ... Fact Check

Synopsis

ചിത്രത്തില്‍ കാണുന്ന സ്‌കൂളിലെ എല്ലാ കുട്ടികളും ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്യപ്പെടുന്നത്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുമ്പോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി ഒരു ചിത്രം. എല്ലാ വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ഗാസയിലെ സ്‌കൂള്‍ എന്ന കുറിപ്പോടെയാണ് ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ക്ലാസ് മുറിയിലെ ബഞ്ചുകള്‍ക്ക് മീതെ കുട്ടികളുടെ സ്‌മരണാര്‍ഥം പൂച്ചെണ്ടുകള്‍ വച്ചിരിക്കുന്നതും സമീപത്തായി അധ്യാപിക എന്ന് തോന്നിക്കുന്ന ഒരാള്‍ അവ നോക്കി നില്‍ക്കുന്നതുമാണ് ഫോട്ടോയില്‍ കാണുന്നത്. ഇസ്രയേലിന്‍റെ ആക്രമങ്ങളില്‍ ഗാസയില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഈ ചിത്രം വൈറലാവുന്നത്.

പ്രചാരണം

ചിത്രത്തില്‍ കാണുന്ന സ്‌കൂളിലെ എല്ലാ കുട്ടികളും ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്യപ്പെടുന്നത്. " ഞങ്ങൾ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. പറുദീസയിലേക്കും അതിന്‍റെ അനുഗ്രഹങ്ങളിലേക്കും ഞങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു. ഗസ്സയിൽ ഞങ്ങളുടെ ഈ അക്കാദമിക് വർഷം അവസാനിക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും ശഹാദ : (രക്തസാക്ഷിത്വം) ലഭിക്കുകയും ചെയ്തിരിക്കുന്നു" എന്ന മലയാളം കുറിപ്പോടെ ചിത്രം J4 Media എന്ന ഫേസ്‌ബുക്ക് പേജ് 2023 നവംബര്‍ എട്ടാം തിയതി പങ്കുവെച്ചിരിക്കുന്നതായി കാണാം. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

മറ്റ് നിരവധി പേരും സമാന രീതിയിലുള്ള തലക്കെട്ടുകളോടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അബ്‌ദുള്ള അലൂര്‍ എന്ന യൂസര്‍ 2023 നവംബര്‍ 11ന് എഫ്‌ബിയിലിട്ട പോസ്റ്റിലെ വിവരണം ചുവടെ. ‘ക്ലാസ്സ് റൂമുകൾ വിജനമായി തീർന്നിരിക്കുന്നു..പഠിതാക്കൾ ഇനി വരില്ല..! ഗസ്സയിലെ വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ അധ്യായനം അവസാനിപ്പിച്ചു. കുട്ടികളെല്ലാം ഷാഹാദ (സർട്ടിഫിക്കറ്റ്) നേടിക്കഴിഞ്ഞു. ആ മക്കൾ നേടിയത് പഠന മികവിന്റെ ശഹാദ (സർട്ടിഫിക്കറ്റ്) അല്ല, മറിച്ചു അധികമാർക്കും ലഭിക്കാത്ത ശഹാദ (രക്തസാക്ഷിത്വം) ആണവർ നേടിയത്…🤲😥

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഇതേ ഫോട്ടോ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് 2021ലെ ഒരു റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്ന് മനസിലാക്കാനായി. 2021 മെയ് മാസം 8ന് അഫ്‌ഗാനിസ്ഥാനിലെ കാബൂളിലുള്ള സയ്യിദ് അല്‍-ഷുഹദ ഗേള്‍സ് സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളിലൊരാളുടെ മാതാവ് ക്ലാസ് മുറിയില്‍ എത്തിയതിന്‍റെ ചിത്രമാണിത് എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിശദീകരിക്കുന്നത്. ഇതിനാല്‍തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും ഇതിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധമില്ലെന്നും ഉറപ്പായി. 

ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്‍റെ റിപ്പോര്‍ട്ട്

നിഗമനം

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ മുഴുവന്‍ കുട്ടികളും കൊല്ലപ്പെട്ട ഗാസയിലെ സ്‌കൂളിന്‍റെ ഫോട്ടോ എന്ന കുറിപ്പുകളോടെ പ്രചരിക്കുന്ന ചിത്രം പഴയതും അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ളതുമാണ്. 

Read more: ഷര്‍ട്ടിലെ അറകളില്‍ നോട്ടുകെട്ടുകള്‍, വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി പിടികൂടി എന്ന വീഡിയോ വ്യാജം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check